ഓരോ അടുക്കളയുടെയും അവിഭാജ്യ ഘടകമായ ഉപകരണമാണ് മിക്സി. നിമിഷങ്ങള്‍ക്കുള്ളില്‍ പലതരം ചേരുവകള്‍ പൊടിക്കുന്നതിനും മുറിക്കുന്നതിനും മിക്സി സഹായിക്കുന്നു.എന്നിരുന്നാലും, മിക്സര്‍ ഗ്രൈന്‍ഡറുകള്‍ക്ക് മൂര്‍ച്ചയുള്ള ബ്ലേഡുകള്‍ ഉള്ളതിനാല്‍ ഭക്ഷണം പലപ്പോഴും അതിനുള്ളില്‍ കുടുങ്ങിയേക്കാം. ഇത് അനാവശ്യ കറകളിലേക്ക് നയിക്കുന്നു. അതിനാല്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ വൃത്തിയാക്കുക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. എന്നാല്‍ ചില എളുപ്പമാര്‍ഗങ്ങളിലൂടെ മിക്സര്‍ ഗ്രൈന്‍ഡര്‍ അഥവാ മിക്സി വേഗത്തില്‍ വൃത്തിയാക്കാന്‍ സാധിക്കും. അവ എങ്ങനെയാണ് എന്ന് നോക്കാം.
മിക്സി വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ലിക്വിഡ് ഡിറ്റര്‍ജന്റ് ഉപയോഗിക്കുക എന്നതാണ്. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് കുറച്ച് ഡിറ്റര്‍ജന്റും വെള്ളവും മിക്സറില്‍ ഒഴിച്ച് സാധാരണ പോലെ പ്രവര്‍ത്തിപ്പിക്കുക. ചെയ്തുകഴിഞ്ഞാല്‍, ബ്ലേഡുകളിലെ നുരയെ കഴുകിക്കളയുക. ബേക്കിംഗ് സോഡ ഏറ്റവും ഫലപ്രദമായ ക്ലീനിംഗ് ഏജന്റുകളിലൊന്നാണ്. മിക്സര്‍ ഗ്രൈന്‍ഡറില്‍ തുല്യ അളവില്‍ ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് കുറച്ച് സെക്കന്‍ഡ് പ്രവര്‍ത്തിപ്പിക്കുക.
അതിന് ശേഷവും എന്തെങ്കിലും പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു തുണി ഉപയോഗിച്ച് സൗമ്യമായി സ്‌ക്രബ് ചെയ്ത് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. വിനാഗിരിയും മിക്സര്‍ ഗ്രൈന്‍ഡര്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഇതിലെ അസിഡിറ്റി മികച്ച ക്ലീനിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. രണ്ട് ടീസ്പൂണ്‍ വിനാഗിരി ഒരു കപ്പ് വെള്ളത്തില്‍ കലക്കി ഗ്രൈന്‍ഡറിലേക്ക് ഒഴിക്കുക.
കുറച്ച് സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ച് വെള്ളത്തില്‍ കഴുകുക. മിക്സറിന്റെ പുറംഭാഗം വൃത്തിയാക്കാനും നിങ്ങള്‍ക്ക് ഇതേ മാര്‍ഗം ഉപയോഗിക്കാം. ചെറുനാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അനാവശ്യ കറ അകറ്റാന്‍ സഹായിക്കും. കുറച്ച് നാരങ്ങ തൊലികള്‍ എടുത്ത് മിക്സര്‍ ഗ്രൈന്‍ഡറിന് ചുറ്റും തടവുക. 15-20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
ഇത് നിങ്ങളുടെ മിക്‌സര്‍ വൃത്തിയുള്ളതാക്കുക മാത്രമല്ല, ഏതെങ്കിലും രൂക്ഷമായ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുകയും ചെയ്യും. ഈ മാര്‍ഗങ്ങളെല്ലാം പരാജയപ്പെടുകയാണെങ്കില്‍ റബ്ബിംഗ് ആല്‍ക്കഹോള്‍ നേര്‍പ്പിച്ച മിശ്രിതം ഉപയോഗിക്കാന്‍ ശ്രമിക്കുക. രോഗാണുക്കളെ നശിപ്പിക്കാനും മിക്‌സര്‍ ഗ്രൈന്‍ഡര്‍ അണുവിമുക്തമാക്കാനും ഈ രീതി ഫലപ്രദമാണ്. മിക്സിയുടെ ബ്ലേഡുകള്‍, ബേസ്, ഇന്‍സൈഡുകള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് ഈ മാര്‍ഗം പ്രയോഗിക്കാവുന്നതാണ്.