വീട്ടിനുള്ളിലെ വൃത്തിയാക്കലുകളില്‍ ഏറെ ശ്രമകരമാണ് ഉയരത്തിലുള്ള സീലിങ് ഫാന്‍ വൃത്തിയാക്കുക എന്നത്. കൃത്യമായി ഫാന്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഫാന്‍ കേടാകുക മാത്രമല്ല പൊടിപടലങ്ങളേറ്റ് അലര്‍ജി പോലെ പലവിധ അസുഖങ്ങളും പിടിപെട്ടെന്നു വരാം. എന്നാല്‍ വീട്ടില്‍ തന്നെയുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഫാനുകള്‍ വൃത്തിയാക്കാനാവും. അത് എങ്ങനെയാണെന്ന് നോക്കാം.
തലയിണക്കവര്‍ ഉപയോഗിക്കാം…
ഫാന്‍ വൃത്തിയാക്കുമ്പോള്‍ അതിലെ പൊടിപടലങ്ങള്‍ മുറിയിലും കട്ടിലിലുമൊക്കെ പരക്കുന്നത് സ്ഥിരം കാഴ്ചയാണ്. തലയിണ കവറോ നീളമുള്ള മറ്റ് കവറുകളോ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താം. ബ്ലേഡ് മുഴുവനായി ഉള്‍ക്കൊള്ളുന്നത്ര വലുപ്പത്തിലുള്ള തലയിണക്കവറോ തുണിയിലോ പേപ്പറിലോ നിര്‍മിച്ച കവറോ ആണ് എടുക്കേണ്ടത്. ഓരോ ബ്ലേഡുകളായി കവറിനുള്ളിലേക്ക് കടത്തിയശേഷം തുറന്ന ഭാഗം കൈകള്‍കൊണ്ട് ചേര്‍ത്ത് അടച്ച് കവര്‍ പുറത്തേക്ക് ഊരി എടുക്കാം. പൊടിപടലങ്ങളില്‍ ഏറെയും കവറിനുള്ളില്‍ തന്നെ നിക്ഷേപിക്കപ്പെടുന്നതിനാല്‍ അവ തറയിലും പരിസരത്തിലും വീഴില്ല.
വിനാഗിരി ബേക്കിങ് സോഡ
ഫാന്‍ വൃത്തിയാക്കാനായി മാറാല തുടയ്ക്കാനുള്ള വലിയ ബ്രഷോ ചൂലോ ഒക്കെയാണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിലും ഫലപ്രദമായി ഫാനിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും പുത്തന്‍പോലെ അവ വെട്ടിതിളങ്ങാനും വിനാഗിരിയും ബേക്കിങ് സോഡയും സഹായിക്കും. അഴിച്ചു നീക്കാന്‍ സാധിക്കുന്ന ഫാനിലാണ് ഇത് ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്നത്.
1:2 എന്ന് അനുപാതത്തില്‍ ബേക്കിങ് സോഡയും വിനാഗിരിയും എടുക്കുക. വിനാഗിരിയുടെ അതേ അളവില്‍ സോഡയും ചേര്‍ക്കാം. ഈ മിശ്രിതം ഫാനിന്റെ ബ്ലേഡുകള്‍ക്ക് മുകളില്‍ ഒഴിച്ച് അല്‍പസമയം കാത്തിരിക്കണം. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചാല്‍ പറ്റി പിടിച്ചിരിക്കുന്ന പൊടിയും അഴുക്കുമെല്ലാം നിഷ്പ്രയാസം ഇളകി പോരും. അതിനുശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് ബ്ലേഡുകള്‍ വൃത്തിയായി തുടച്ച് ഫാന്‍ തിരികെ പിടിപ്പിക്കാം.
ഡിഷ് വാഷും ഉപയോഗിക്കാം….
ഒരു സ്‌പ്രേ ബോട്ടിലില്‍ വിനാഗിരിയും വെള്ളവും ഒരേ അളവില്‍ എടുക്കുക. ഇതിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചു കൊടുക്കാം. അതിനുശേഷം ബോട്ടില്‍ നന്നായി കുലുക്കി ഇവ യോജിപ്പിക്കുക. ഒരു ഡസ്റ്റര്‍ ഉപയോഗിച്ച് ഫാനിലെ പൊടിപടലങ്ങള്‍ തട്ടി നീക്കിയശേഷം ഈ മിശ്രിതം ബ്ലേഡുകളിലേയ്ക്ക് സ്‌പ്രേ ചെയ്യണം. അല്പസമയത്തിനുശേഷം ഉണങ്ങിയ തുണിയെടുത്ത് തുടച്ചു നീക്കിയാല്‍ പറ്റിപ്പിടിച്ചിരുന്ന അഴുക്കും പൊടിയും നീങ്ങി ഫാന്‍ തിളങ്ങുന്നത് കാണാം. ഡിഷ് വാഷും ബേക്കിങ് സോഡയും ഇല്ലെങ്കിലും വിനാഗിരിയും വെള്ളവും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുന്നതും ഫലപ്രദമാണ്.