എല്ലാമങ്ങ് കയറ്റിവയ്ക്കാവുന്ന സ്ഥലമല്ല ഫ്രിഡ്ജ്… ഈ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

Advertisement

ആവശ്യത്തിന് ശേഷം ബാക്കിവരുന്ന ഭക്ഷണസാധനങ്ങളെല്ലാം ഫ്രിഡ്ജില്‍ കുത്തിനിറക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. ഭക്ഷണം കേടുവരാതെ സൂക്ഷിക്കാമെങ്കിലും എല്ലാമങ്ങ് കയറ്റിവയ്ക്കാവുന്ന ഒരു സ്ഥലമല്ല റെഫ്രിജറേറ്ററുകള്‍. ഫ്രിഡ്ജില്‍നിന്നു മാറ്റിനിര്‍ത്തേണ്ട ചില സാധനങ്ങളുമുണ്ട്. അത് ഏതൊക്കെയെന്ന് അറിയാം.

ബ്രെഡ്
സാധാരണ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുള്ള ഭക്ഷണസാധനമാകും ബ്രെഡ്. ബ്രെഡ് തണുപ്പിക്കാന്‍ വയ്ക്കുന്നതിനു പ്രശ്നമില്ലെങ്കിലും അതു ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. വേഗത്തില്‍ ഉണങ്ങിപ്പോകാന്‍ അതു കാരണമാകും. സാധാരണ മുറിയുടെ ഊഷ്മാവില്‍ തന്നെ സൂക്ഷിച്ചുവയ്ക്കുന്നതാണു നല്ലത്.

ഉരുളക്കിഴങ്ങ്
ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഉരുളക്കിഴങ്ങിന്റെ രുചിയെ തന്നെ അതു ബാധിക്കും. പേപ്പര്‍ ബാഗില്‍ സൂക്ഷിച്ചുവയ്ക്കുന്നതാണ് നല്ലത്. ഈര്‍പ്പം നിറഞ്ഞു വേഗത്തില്‍ കേടാകാന്‍ ഇടയുള്ളതിനാല്‍ പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കാതിരിക്കാന്‍ നോക്കണം.

ഉള്ളി
ഉള്ളി ചെറിയ തണുപ്പുള്ള ഇരുണ്ട സ്ഥലത്ത് ഒരു പേപ്പര്‍ ബാഗിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഉരുളക്കിഴക്കില്‍നിന്ന് അകലത്തില്‍വയ്ക്കാനും സൂക്ഷിക്കണം. ഉരുളക്കിഴങ്ങ് ഉള്ളി പെട്ടെന്നു കേടുവരാനിടയാക്കുന്ന തരത്തിലുള്ള ഈര്‍പ്പവും വാതകവും പുറത്തുവിടും.

തക്കാളി
ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തക്കാളിയുടെ രുചി നഷ്ടപ്പെടും. തക്കാളിയുടെ കട്ടി കുറഞ്ഞ് പെട്ടെന്നു വാടുകയും ചെയ്യും.

നേന്ത്രപ്പഴം
മുറിയുടെ ഊഷ്മാവിലാണ് നേന്ത്രപ്പഴം സൂക്ഷിക്കേണ്ടത്. തുറന്ന കാറ്റിലും വെളിച്ചത്തിലും വച്ചില്ലെങ്കില്‍ പഴം പെട്ടെന്ന് പഴുത്ത് കേടാകാനിടയുണ്ട്.

കാപ്പി
ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കാപ്പിയുടെ രുചിതന്നെ മാറും. അതുകൊണ്ട് അടച്ചുവച്ചൊരു പാത്രത്തില്‍ സൂര്യവെളിച്ചത്തില്‍നിന്നു മാറി സൂക്ഷിക്കുന്നതാണു നല്ലത്.

തേന്‍
ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തേനിന്റെ കട്ടി കൂടും. റൂമിന്റെ താപനിലയിലും നേരിട്ടുള്ള സൂര്യവെളിച്ചത്തില്‍നിന്നു മാറിയുമാണ് തേന്‍ സൂക്ഷിക്കേണ്ടത്.

വെളുത്തുള്ളി
വെളുത്തുള്ളി ഫ്രിഡ്ജില്‍ വച്ചാല്‍ അതിന്റെ രുചി മാറുമെന്നു മാത്രമല്ല വേഗത്തില്‍ കേടുവരാനുമിടയുണ്ട്. ഇരുണ്ടതും തണുപ്പുള്ളതുമായ ഒരു അന്തരീക്ഷത്തില്‍ പേപ്പര്‍ ബാഗിലാക്കി വയ്ക്കുന്നതാണു നല്ലത്.

Advertisement