വസ്ത്രങ്ങളില്‍ നിന്ന് ചായ കറ എളുപ്പത്തില്‍ നീക്കം ചെയ്യാനിതാ ഈ നുറുങ്ങുവിദ്യ ഒന്ന് പരീക്ഷിക്കൂ….

Advertisement

നമ്മുടെ വസ്ത്രങ്ങളില്‍ പറ്റുന്ന ചായകറകള്‍ അത്ര പെട്ടന്നൊന്നും പോകാറില്ല. വെപ്രാളപ്പെട്ട് നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ഇരട്ടിപ്പണിയാവുകയാണ് ചെയ്യാറ്. ചായക്കറ കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം മോശമായെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്നു പരീക്ഷിക്കാവുന്നതാണ്. ഈ നുറുങ്ങുകളും തന്ത്രങ്ങളും ഉപയോഗിച്ച്, നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്ന് ചായയുടെ കറ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.

തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക:

നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്ന് ഇളം ചായയുടെ കറ നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ കഴുകുക എന്നതാണ്. ചായ വെള്ളത്തില്‍ ലയിക്കുന്നു. പക്ഷേ ഇത് ചായ വസ്ത്രത്തിലായി പെട്ടന്ന് തന്നെ ചെയ്യേണ്ടതാണ്. കുറേ സമയം വെച്ചിരുന്നിട്ട് കഴുകിയതുകൊണ്ട് കാര്യമില്ല.

നിങ്ങളുടെ വസ്ത്രം അകത്തേക്ക് തിരിക്കുക, കറയുള്ള ഭാഗം ഒഴുകുന്ന വെള്ളത്തിനടിയില്‍ വയ്ക്കുക. ഇത് ഒന്നോ രണ്ടോ മിനിറ്റ് തുടരാം, തുടര്‍ന്ന് കറ നീക്കം ചെയ്യാന്‍ പതുക്കെ തടവുക. കൂടാതെ, നിങ്ങള്‍ക്ക് തണുത്ത വെള്ളം ഉപയോഗിച്ച് കറ തുടയ്ക്കാം, അത് ക്രമേണ അപ്രത്യക്ഷമാകുന്നത് കാണാം.

ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടുക:

വെള്ളം കൊണ്ട് മാത്രം കറ മാറുന്നില്ലെങ്കില്‍, നിങ്ങളുടെ സാധാരണ ലിക്വിഡ് ഡിറ്റര്‍ജന്റും ഉപയോഗിക്കാം. ഇതിനായി, നിങ്ങള്‍ വസ്ത്രം തണുത്ത വെള്ളത്തില്‍ അല്‍പനേരം മുക്കിവയ്ക്കണം. 20 മുതല്‍ 30 മിനിറ്റ് വരെ സമയം നന്നായി കുതിര്‍ത്ത് വെക്കുക. ഇപ്പോള്‍ ലിക്വിഡ് ഡിറ്റര്‍ജന്റ് കറയുള്ള ഭാഗത്ത് പുരട്ടി കറ മാറുന്നത് വരെ വൃത്താകൃതിയില്‍ തടവുക. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍, വീണ്ടും വെള്ളത്തില്‍ കഴുകുക.

ബേക്കിങ് സോഡ
ഏറ്റവും മികച്ച ക്ലീനിംഗ് ഏജന്റുകളിലൊന്നാണ് ബേക്കിംഗ് സോഡ. ചായയുടെ കറ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കാന്‍ രണ്ട് വഴികളുണ്ട്. കറ നനച്ച് അതിന് മുകളില്‍ ബേക്കിംഗ് സോഡ വിതറി രാത്രി മുഴുവന്‍ വെക്കുക എന്നതാണ് ആദ്യവഴി. ശേഷം അടുത്ത ദിവസം സ്‌ക്രബ് ചെയ്ത് കഴുകിക്കളയുക. എന്നാല്‍ സമയം കുറവാണെങ്കില്‍, നിങ്ങള്‍ക്ക് വെള്ളം ഉപയോഗിച്ച് ബേക്കിങ് സോഡ പേസ്റ്റ് ഉണ്ടാക്കി കറയില്‍ പുരട്ടാം. അങ്ങനെ ചെയ്യുന്നതിനുമുമ്പ് വസ്ത്രം വെള്ളത്തില്‍ കുറച്ച് സമയം മുക്കിവെക്കേണ്ടതാണ്.

വിനാഗിരി
വസ്ത്രങ്ങളില്‍ നിന്ന് ചായക്കറ കളയാന്‍ വിനാഗിരി ഉപയോഗിക്കാം. വിനാഗിരി അസിഡിറ്റി സ്വഭാവമുള്ളതാണ്, ഇത് കറ എളുപ്പത്തില്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു.

നിങ്ങളുടെ വസ്ത്രം ഒരു ബക്കറ്റ് തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കുക. 12 ടീസ്പൂണ്‍ വൈറ്റ് വിനാഗിരി ചേര്‍ത്ത് കുറച്ച് മിനിറ്റ് ഇരിക്കട്ടെ. ഇനിയിത് വീണ്ടും തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. കറയെല്ലാം നീങ്ങിയിട്ടുണ്ടാവും. വിഷമിക്കേണ്ട, ഇത് നിങ്ങളുടെ തുണിക്ക് ഒരു ദോഷവും വരുത്തില്ല.

നാരങ്ങാനീര്
കറ കളയുന്നതില്‍ നമ്മുടെ അടുക്കളയിലെ മറ്റൊരു അത്ഭുത വസ്തു നാരങ്ങയാണ്. നാരങ്ങയിലെ സിട്രിക് ആസിഡ് ആന്റി ബാക്ടീരിയല്‍ സ്വഭാവമുള്ളതാണ്, ഇത് ക്ലീനിംഗ് ആവശ്യങ്ങള്‍ക്ക് ഫലപ്രദമാണ്. ചായയുടെ കറ വൃത്തിയാക്കാന്‍, വിനാഗിരിയില്‍ ചെയ്ത അതേ പ്രക്രിയ പിന്തുടരുക. ഈ ആവശ്യത്തിനായി നിങ്ങള്‍ക്ക് ഒരു നാരങ്ങ മുഴുവന്‍ ബക്കറ്റില്‍ പിഴിഞ്ഞെടുക്കാം. ശേഷം കുതിര്‍ത്തുവെച്ച വസ്്ത്രം ഈ ബക്കറ്റിലേക്കിട്ട് കുറച്ചു സമയം കഴിഞ്ഞ് കഴുകിയെടുക്കാവുന്നതാണ്.

Advertisement