ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തില്‍ വിയര്‍പ്പിന്റെ പ്രശ്‌നവും നമുക്ക് ഏറെ ബുദ്ധിമുട്ടിക്കുകയാണ്. ഇങ്ങനെ വിയര്‍ത്തൊലിച്ചും വിയര്‍പ്പ് മൂലമുള്ള ദുര്‍ഗന്ധം കാരണവും പൊതുയിടങ്ങളിലേക്ക് ഇറങ്ങാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ഇനി ആ മടി വേണ്ട. വിയര്‍പ്പും, വിയര്‍പ്പ് മൂലമുള്ള ദുര്‍ഗന്ധവും അകറ്റി നിര്‍ത്താന്‍ ചില നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കാം..
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം..
ചൂടുകാലത്ത് പൊതുവെ കറുത്ത വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. അയഞ്ഞതും കനം കുറഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ പരമാവധി ധരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വിയര്‍പ്പ് നിയന്ത്രിക്കാനും വിയര്‍പ്പിനെ വലിച്ചെടുക്കാനും സഹായിക്കുന്നു.
ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക
എത്ര ചൂടാണെങ്കിലും ചൂട് വെള്ളത്തില്‍ കുളിച്ചില്ലെങ്കില്‍ ഒരു ഊര്‍ജ്ജം കിട്ടില്ലെന്ന് പറയുന്ന ആളുകളാണ് നമ്മളില്‍ പലരും. എന്നാല്‍ ചൂടുകാലത്ത് ഈ ശീലം മാറ്റി നിര്‍ത്താം. തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ഇങ്ങനെ രാവിലെയും വൈകിട്ടും കുളിക്കുന്നത് ശരീരത്തിലെ താപനിലയെ നിയന്ത്രിച്ച് നിര്‍ത്തി വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
പഴവര്‍ഗങ്ങള്‍ കഴിക്കുക
വേനല്‍ക്കാലത്ത് ഭക്ഷണ കാര്യങ്ങളിലും ഒരുപാട് ശ്രദ്ധിക്കാനുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചൂട് വര്‍ദ്ധിപ്പിക്കുന്നതിനും വിയര്‍ത്തൊലിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍ വേനല്‍കാലത്ത് പഴവര്‍ഗങ്ങളായ തണ്ണിമത്തന്‍, ആപ്പിള്‍, മുന്തിരി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കാന്‍ ശ്രദ്ധിക്കുക.
വെള്ളം ധാരാളം കുടിക്കാം
നിര്‍ജ്ജലീകരണം മൂലവും ശരീരത്തിലെ താപനില വര്‍ദ്ധിക്കാന്‍ കാരണമായേക്കാം. അതിനാല്‍ പുറത്തേക്കിറങ്ങുമ്പോഴും വെള്ളം കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം. ഇതിനു പുറമെ ഐസ് വെള്ളം കയ്യില്‍ കരുതി ശരീരത്തില്‍ സ്പ്രേ ചെയ്ത് കൊടുക്കുന്നത് വിയര്‍പ്പ് കുറയ്ക്കുന്നതിനും ഇത് മൂലമുള്ള ദുര്‍ഗന്ധം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ചില വ്യക്തികളില്‍ വിയര്‍പ്പിന്റെ അസുഖമുണ്ടായേക്കാം. ഇത്തരക്കാരില്‍ ചൂടെന്നോ തണുപ്പെന്നോ ഋതുഭേദങ്ങളില്ലാതെ വിയര്‍പ്പ് അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ളവര്‍ വൈദ്യസഹായം തേടാന്‍ ശ്രമിക്കുക.