ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പച്ചക്കറികള്‍ ചീഞ്ഞുപോവാതെ ഏറെനാള്‍ വയ്ക്കാനുള്ള ചില വിദ്യകള്‍

Advertisement

ഫ്രിഡ്ജില്‍ പച്ചക്കറികളൊക്കെ ശരിയായി സ്റ്റോര്‍ ചെയ്തു വച്ചില്ലെങ്കില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടതന്നെ അവ കേടായി പോവും. പച്ചക്കറികള്‍ ചീഞ്ഞു പോവാതെ ഫ്രഷ്‌നെസ്സോടെ ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ചില നുറുങ്ങുവിദ്യകളുണ്ട്.

മല്ലിയില/ പുതിനയില
മല്ലിയിലയുടെ തണ്ട് മുറിച്ചു കളഞ്ഞതിനു ശേഷം ഇലകള്‍ വേര്‍പ്പെടുത്തിയെടുക്കുക. ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ എടുത്ത് അതില്‍ ടിഷ്യൂ പേപ്പര്‍ വിരിച്ചതിനു ശേഷം മുകളിലായി മല്ലിയില വയ്ക്കുക. അതിനു മുകളില്‍ വീണ്ടും ടിഷ്യൂ പേപ്പര്‍ വിരിച്ചതിനു ശേഷം കണ്ടെയ്‌നര്‍ നന്നായി അടച്ച് ഫ്രിഡ്ജിന്റെ താഴത്തെ തട്ടിലായി സൂക്ഷിച്ചുവയ്ക്കാം. സമാനമായ രീതിയില്‍ പുതിനയിലയും സൂക്ഷിക്കാം. ദിവസങ്ങള്‍ക്കു ശേഷം ടിഷ്യൂവില്‍ നനവ് തോന്നുന്നുവെങ്കില്‍ ആ ടിഷ്യൂ മാറ്റി പുതിയ ടിഷ്യൂ കവര്‍ ചെയ്ത് വച്ചാല്‍ കുറച്ചു നാളുകള്‍ കൂടി മല്ലിയിലയും പുതിനയിലയും ഫ്രഷായി തന്നെയിരിക്കും.
സ്റ്റോര്‍ ചെയ്യുന്നതിനു മുന്‍പ് കഴുകേണ്ടതില്ല. നനവുണ്ടായാല്‍ മല്ലിയിലയും പുതിനയിലും പെട്ടെന്ന് ചീഞ്ഞുപോവാനുള്ള സാധ്യതയുണ്ട്. ആവശ്യത്തിന് പുറത്തെടുക്കുമ്പോള്‍ നന്നായി കഴുകി ഉപയോഗിച്ചാല്‍ മതിയാകും.

പടവലങ്ങ/വെള്ളരിക്ക/കുക്കുമ്പര്‍/കാരറ്റ്
പടവലങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ച് ക്ലിങ്ങ് ഫിലിം കൊണ്ട് പൊതിഞ്ഞു പ്ലാസ്റ്റിക് പാത്രത്തിലാക്കി സൂക്ഷിക്കാം. വെള്ളരിക്ക, കുക്കുമ്പര്‍, കാരറ്റ് എന്നിവയും അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇവയൊന്നും കഴുകാതെ വേണം സൂക്ഷിക്കാന്‍. ആവശ്യാനുസരണം എടുത്ത് കഴുകി വൃത്തിയാക്കിയെടുക്കാം.

ബീന്‍സ്
ബീന്‍സിന്റെ രണ്ടുവശവും ചെറുതായി മുറിച്ചു മാറ്റിയതിനു ശേഷം, ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ എടുത്ത് ടിഷ്യൂ പേപ്പര്‍, ബീന്‍സ്, ടിഷ്യൂ പേപ്പര്‍ എന്ന ക്രമത്തില്‍ ഇറക്കിവച്ച് പാത്രം നന്നായി അടയ്ക്കുക.. ടിഷ്യൂ പേപ്പറിനു പകരം ന്യൂസ് പേപ്പറും ഉപയോഗിക്കാം.

മത്തങ്ങ
മത്തങ്ങയുടെ നടുവിലെ കുരുവും അതിനോടു ചേര്‍ന്നുകിടക്കുന്ന ജലാംശമുള്ള ഭാഗവും ചെത്തികളയുക. ശേഷം ഒരു കണ്ടെയ്‌നര്‍ എടുത്ത് ടിഷ്യൂ പേപ്പര്‍ വിരിച്ച് അതിനു മുകളില്‍ അടുക്കിവയ്ക്കാം. പാത്രം അടച്ച് ഫ്രിഡ്ജിന്റെ താഴത്തെ തട്ടിലായി സൂക്ഷിക്കാം.

പച്ചക്കായ
ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് എടുത്തതിനു ശേഷം കണ്ടെയ്‌നറില്‍ താഴെയും മുകളിലും പേപ്പര്‍ വച്ച് നടുവിലായി സൂക്ഷിക്കുക.

മുരിങ്ങക്കായ
രണ്ടോ മൂന്നോ പീസുകളായി മുറിച്ച് പേപ്പറു കൊണ്ട് കവര്‍ ചെയ്ത് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ വച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഇഞ്ചി
നന്നായി കഴുകിയ ഇഞ്ചി ഒരു ഗ്ലാസ് കണ്ടെയ്‌നറില്‍ വെള്ളം നിറച്ച് അതിലിട്ട് വയ്ക്കാം. കുറച്ചു ദിവസം കഴിയുമ്പോള്‍ വെള്ളം മാറ്റികൊടുത്താല്‍ ഏറെ നാള്‍ ഫ്രഷായി ഇരിക്കും.