മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു കാര്‍ഷിക വിളയാണ് കോവല്‍. ഏത് പ്രായക്കാരും കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന വിഭവമാണ് കോവയ്ക്ക കൊണ്ടുള്ള ഉപ്പേരി അഥവാ തോരന്‍, മെഴുക്കുപുരട്ടിയുമൊക്കെ. വളരെ ചുരുങ്ങിയ അധ്വാനത്തില്‍ ഗാര്‍ഹിക കൃഷിയില്‍ ഉള്‍പ്പെടുത്തി, മികച്ച വിളവ് സ്വന്തമാക്കാവുന്ന വിള കൂടിയാണ് കോവല്‍. വര്‍ഷം മുഴുവന്‍ കായ് ഫലം തരുന്നുവെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
വീട്ടിലെ ടെറസുകളിലും വളര്‍ത്താന്‍ അനുയോജ്യമായതിനാല്‍, നഗരവാസികള്‍ക്കും കോവല്‍ കൃഷി ചെയ്യാന്‍ എളുപ്പമാണെന്ന് പറയാം. മികച്ചതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിളവ് ലഭിക്കുന്നതിന് കോവല്‍ കൃഷിയില്‍ ചെയ്യേണ്ട നുറങ്ങുവിദ്യകള്‍ പരിചയപ്പെടാം.
- കഞ്ഞിവെള്ളവും ചാരവും
അടുക്കളത്തോട്ടത്തില്‍ പല വിളകള്‍ക്കും വ്യാപകമായി ചാരം ഉപയോഗിക്കാറുണ്ട്. കോവലിനും ചാരം പ്രയോജനപ്പെടുന്നു. കഞ്ഞിവെള്ളവും ചാരവും കൂട്ടിച്ചേര്‍ത്ത മിശ്രിത ലായനിയാണ് ഇതിന് ഉപയോഗിക്കുന്നത്. തടം ചെറുതായി ഇളക്കി കൊടുത്ത ശേഷം ഈ ലായനി കോവലിന്റെ തടത്തില്‍ ഒഴിച്ചുകൊടുക്കാം. ഇത് വിള എളുപ്പം കായ്ക്കാന്‍ സഹായിക്കുന്നു. - തലപ്പ് നുള്ളികളയുക
മറ്റ് മിക്ക വിളകളും കായ്ക്കാതെ നില്‍ക്കുമ്പോള്‍ ചെയ്യുന്ന മാര്‍ഗം കോവലിലും പരീക്ഷിക്കാവുന്നതാണ്. കോവലിന്റെ തലപ്പുകള്‍ ഇടയ്ക്ക് നുള്ളിക്കളയുക. ഇത് പുതിയ തളിരുകള്‍ വരുന്നതിനും കോവല്‍ പൂത്ത് കായ്ക്കുന്നതിനും സഹായിക്കുന്നു. - മീന്‍ കഴുകുന്ന വെള്ളം
മീന്‍ കഴുകിയ വെള്ളം കോവലിന്റെ ചുവട്ടിലൊഴിക്കാം. കോവലില്‍ പ്രയോഗിക്കാവുന്ന മികച്ച വളപ്രയോഗമാണിത്. കൂടാതെ, ഫിഷ് അമിനോ നേര്‍പ്പിച്ച് തടത്തിലൊഴിച്ച് കൊടുക്കുന്നതിലൂടെ കായ്ക്കാന്‍ വൈകുന്ന കോവലിന് ഉപയോഗപ്രദമായിരിക്കും. - സൂര്യപ്രകാശം
കോവലിന് ആവശ്യമായ സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനായി കോവല്‍ നടുമ്പോള്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കണം. - ഫോസ്ഫറസും സൂഷ്മ മൂലകങ്ങളും
കോവലിന് ഫോസ്ഫറസ് വളമായ എല്ലുപൊടി നല്‍കുന്നത് നല്ലതാണ്. കോവല്‍ നടുന്ന സമയത്തും പിന്നീട് പന്തലാക്കി വളര്‍ത്തുമ്പോള്‍ തടത്തിലും എല്ലുപൊടി ചേര്‍ത്തു കൊടുക്കാവുന്നതാണ്. ഇത് മികച്ച കായ് ഫലം തരുന്നു.
ഇവ കൃത്യസമയത്ത് പൂവിട്ട് കായ്ക്കുന്നതിന് സൂഷ്മ മൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ നല്‍കണം. ഇടയ്ക്കിടെ കോവലിന്റെ തടം ഇളക്കി കൊടുക്കുന്നതും വളം വിതറുന്നതും കായ്ക്കാത്ത വിളകളും കായ്ക്കുന്നതിന് സഹായിക്കുന്നു.
അതുപോലെ കോവലിന് ശരിയായ സമയത്ത് തന്നെ വളപ്രയോഗം നടത്തണം. കോവല്‍ കായ്ച്ചു കഴിഞ്ഞാലും വളപ്രയോഗം ആവശ്യമാണ്. കോവല്‍ നടുമ്പോഴും ശേഷം മൂന്നു മാസത്തില്‍ ഒരു തവണ എന്ന രീതിയിലും തടത്തില്‍ നീറ്റുകക്ക പൊടിച്ച് വിതറാം.
- കീടങ്ങളെ പ്രതിരോധിക്കാം
തണ്ട് തുരപ്പന്‍, കായ് തുരപ്പന്‍ പോലുള്ള കീടങ്ങളാണ് കോവിലിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. വിളയുടെ തണ്ടുകളുടെ പല ഭാഗങ്ങളിലായി വണ്ണം വയ്ക്കുകയും ഇത് ചെടിയുടെ മറ്റു സ്ഥലങ്ങളിലേയ്ക്ക് കൂടി വ്യാപിക്കുന്നതും കാണാം.
ചെടി മുരടിയ്ക്കുന്നതിന് ഇത് കാരണമാകുന്നു. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ കോവയ്ക്കയിലേക്ക് കീടാക്രമണം എത്താതെ പ്രതിരോധിക്കാം. ബിവേറിയ ബാസിയാന എന്ന മിത്ര കുമിള്‍നാശിനിയാണ് ഈ കീടങ്ങകള്‍ക്കെതിരെയുള്ള ഫലപ്രദമായ ഉപായം. ചെടിയുടെ തണ്ടിലും ഇലകളിലും ഇത് തളിയ്ക്കാവുന്നതാണ്.