ഈ ചൂടുകാലത്ത് ഉപ്പിട്ട ഒരു ഗ്ലാസ് നാരങ്ങാവെള്ളം, അല്ലെങ്കില്‍ നാരങ്ങാജ്യൂസ് കുടിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ചെറുനാരങ്ങ നല്‍കുന്ന സഹായം ചെറുതല്ല. എന്നാല്‍ നന്നായി സൂക്ഷിച്ചു വച്ചില്ലെങ്കില്‍ പെട്ടെന്ന് കേടായി പോവുമെന്നതാണ് ചെറുനാരങ്ങയുടെ പ്രശ്‌നം. ദിവസങ്ങള്‍ കഴിയുന്തോറും ചെറുനാരങ്ങയുടെ പുറംന്തോടിലെ ഈര്‍പ്പം നഷ്ടപ്പെടുകയും കറുത്ത പാടുകള്‍ പടര്‍ന്ന് എളുപ്പത്തില്‍ അഴുകുകയും ചെയ്യും. ചെറുനാരങ്ങ കൂടുതല്‍ ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന ടിപ്‌സ് ഇതാ.
നാരങ്ങ കേടുകൂടാതെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്താണെന്ന് നോക്കാം. ഒരു കപ്പ് വെള്ളത്തിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വൈറ്റ് വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിച്ച് അതില്‍ നാരങ്ങ 10 മിനിറ്റ് ഇട്ടുവയ്ക്കുക. ശേഷം നാരങ്ങ പുറത്തെടുത്ത് ഒരു ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം പൂര്‍ണമായും ഒപ്പികളയുക. ഒട്ടും ജലാംശമില്ലാത്ത നാരങ്ങയ്ക്കു മുകളില്‍ അല്‍പ്പം എണ്ണ പുരട്ടി കൊടുക്കുകയാണ് അടുത്തത്. ഇങ്ങനെ ചെയ്ത ചെറുനാരങ്ങ ഒരു ജാറിലാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ 6 മാസം വരെ കേടുകൂടാതെയിരിക്കും.
മറ്റൊരുവഴി, ചെറുനാരങ്ങ സിപ് ലോക് ബാഗുകളിലാക്കി ഒട്ടും വായു കടക്കാത്ത രീതിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നതാണ്. ചെറുനാരങ്ങയുടെ രുചിയും ജലാംശവും നാലാഴ്ചവരെ നിലനിര്‍ത്താന്‍ ഇതുസഹായിക്കും. കുറഞ്ഞ സമയത്തേക്ക് സൂക്ഷിച്ചാല്‍ മതിയെങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കാം.
കൂടുതല്‍ അളവില്‍ ചെറുനാരങ്ങ ഒന്നിച്ചു വാങ്ങുന്നുണ്ടെങ്കില്‍, പര്‍ച്ചെയ്‌സ് വേളയില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. നന്നായി വിളഞ്ഞ ചെറുനാരങ്ങയും അധികം മൂത്തിട്ടില്ലാത്ത പച്ചനിറത്തിലുള്ള ചെറുനാരങ്ങയും ഇടകലര്‍ത്തി വാങ്ങാം. നന്നായി വിളഞ്ഞവ ആദ്യമാദ്യം ഉപയോഗിച്ചു തീര്‍ക്കുക.
Comments are closed.
Ajai