ഈച്ചകളെയും പാറ്റകളെയും തുരത്താന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ചില വസ്തുക്കള്‍ മതി…..

Advertisement

അടുക്കള വൃത്തികേടായി കിടക്കുന്നതിന്റെ ലക്ഷണമാണ് ഈച്ചകളും പാറ്റകളുമെല്ലാം നിറയുന്നത്. ഇതിന് പ്രതിവിധിയായി പലപ്പോഴും കെമിക്കലുകള്‍ അടങ്ങിയ മരുന്നുകളാണ് എല്ലാവരും ഉപയോഗിച്ചുവരുന്നത്. എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് ഇവയെ തുരത്താവുന്നതാണ്.
അടുക്കള വൃത്തിയാക്കിയതിനു ശേഷവും പ്രാണികള്‍ ചുറ്റിക്കറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വൃത്തിയാക്കലില്‍ എവിടെയോ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് അര്‍ഥം. പാത്രങ്ങളും കൗണ്ടര്‍ടോപ്പുകളും വൃത്തിയാക്കുന്നതിനും ദിവസേന മാലിന്യസഞ്ചി നീക്കം ചെയ്യുന്നതിനുമപ്പുറം കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രാണികളുടെയും പാറ്റകളുടേയും പ്രജനന കേന്ദ്രമായി മാറുന്ന മറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനം.

സിങ്കുകളുടെ പൈപ്പുകളും ക്യാബിനറ്റുകളുടെ മൂലകളുമാണ് അത്തരത്തിലുള്ള രണ്ട് പൊതുഇടങ്ങള്‍. ഇവിടെ എത്ര വൃത്തിയാക്കിയാലും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ടാവും. കൃത്യമായ ഇടവേളകളില്‍ ആഴത്തില്‍ വൃത്തിയാക്കുക എന്നതാണ് ലളിതമായ പരിഹാരം.

പ്രാണികളെ എങ്ങനെ തുരത്താം

കാബിനറ്റുകളുടെ കോണുകളില്‍ ബേ ഇലകള്‍ സൂക്ഷിക്കുക

അടുക്കളയുടെ കോണുകളില്‍ കറുവപ്പട്ട പൊടിച്ചത് വിതറുക. ഉറുമ്പുകളെ തടയാന്‍ മികച്ച വഴിയാണിത്.

അടുക്കളയില്‍ ചെറിയ പാത്രത്തില്‍ കാപ്പിപ്പൊടി തുറന്ന് വെക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് സിങ്കിന് സമീപം വെക്കുക. പാത്രം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി ഇതില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ടുവെക്കാം. നിങ്ങളുടെ പക്കല്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇല്ലെങ്കില്‍, വെള്ള/കുക്കിംഗ് വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്.

അടുക്കള പൈപ്പുകളുടെ മൂലകള്‍ വൃത്തിയാക്കാനും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ഉള്ളി അരിഞ്ഞത് ബേക്കിങ് സോഡയുമായി മിക്സ് ചെയ്ത് അടുക്കളുടെ മൂലകളില്‍ വെക്കാം. വെളുത്തുള്ളിയും പാറ്റയെ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ്. പാറ്റയെ തുരത്തുന്നതിനായി നാലഞ്ച് വെളുത്തുള്ളി എടുക്കുക. ഇത് ചതച്ച് പാറ്റയെ കാണുന്ന സ്ഥലങ്ങളില്‍ വെക്കുക. പ്രത്യേകിച്ച് അടുക്കളയില്‍ വേയ്സ്റ്റ് പാത്രം ഇരിക്കുന്ന സ്ഥലത്ത്.
വീട്ടില്‍ നിന്നും പാറ്റപോലെയുള്ള ക്ഷുദ്രജീവികളെ തുരത്തുന്നതിന് കര്‍പ്പൂരം ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി, ഒരു പാത്രം വെള്ളത്തില്‍ മൂന്നോ നാലോ കര്‍പ്പൂരം എടുത്ത് പൊടിച്ച് മിക്സ് ചെയ്യുക. ഈ വെള്ളം വീടിന്റെ മുക്കിലും മൂലയിലും പ്രത്യേകിച്ച് പാറ്റകള്‍ അമിതമായി കാണുന്ന സ്ഥലങ്ങളില്‍ തളിക്കാവുന്നതാണ്.

Advertisement