മഴക്കാലത്ത് നിങ്ങളുടെ വസ്ത്രങ്ങൾ ദുർഗന്ധമില്ലാതെ പുതുമയുള്ളതായി സൂക്ഷിക്കാം

Advertisement

മഴക്കാലമാണ് വസ്ത്രങ്ങൾ ഉണങ്ങി കിട്ടുക എന്നത് വലിയ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. തുണികളിൽ ഈർപ്പം നിലനിൽക്കുന്നത് കൊണ്ടുതന്നെ ഉണക്കിയെടുത്താലും ചെറിയൊരു ദുർഗന്ധം വസ്ത്രങ്ങളിൽ നിലനിൽക്കാറുണ്ട്. തുണികൾ വേണ്ട രീതിയിൽ ഉണങ്ങാത്തതാണ് അതിൽ ബാക്ടീരിയകൾ വികസിച്ച് ദുർഗന്ധത്തിന് കാരണമാകുന്നത്. അതിനാൽ ഇനി മഴക്കാലത്ത് നിങ്ങളുടെ വസ്ത്രങ്ങൾ ദുർഗന്ധമില്ലാതെ പുതുമയുള്ളതായി സൂക്ഷിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.

  1. വസ്ത്രങ്ങൾ നല്ല രീതിയിൽ ഉണക്കിയെടുക്കുക. വസ്ത്രങ്ങളിലെ ദുർഗന്ധം ഒഴിവാക്കാൻ അത് പൂർണ്ണമായും ഉണക്കിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. നല്ല വായു സഞ്ചാരമുള്ള സ്ഥലത്തും വെയിൽ കൊള്ളിച്ചും തുണികൾ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക. തുണികൾ അണുവിമുക്തമാക്കുന്നതിൽ സൂര്യപ്രകാശത്തിന് വളരെയേറെ പങ്കുണ്ട്. ഇത് ബാക്ടീരിയകളെ നീക്കം ചെയ്ത് തുണികളിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
  2. വസ്ത്രങ്ങൾക്കായി ശരിയായ ഡിറ്റർജന്റ് തെരഞ്ഞെടുക്കുക. തുണികളിലെ ദുർഗന്ധം ഒഴിവാക്കുന്നതിനും അഴുക്കിനെ ഇല്ലാതാക്കുന്നതിനും ശരിയായ ഡിറ്റർജന്റ് തെരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി പ്രധാനമായും ആൻറി ബാക്ടീരിയൽ സ്വഭാവ സവിശേഷതകൾ ഉള്ള ഡിറ്റർജെന്റുകൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. കൂടാതെ അഴുക്കും ദുർഗന്ധവും വസ്‌ത്രങ്ങളിൽ അവശിഷ്ടങ്ങളായി അവശേഷിപ്പിച്ചേക്കാമെന്നതിനാൽ തുണികളിൽ ഒരുപാട് സോപ്പുപൊടിയും മറ്റും ഉപയോഗിക്കുന്നതും ഒഴിവാക്കുക.
  3. പ്രകൃതിദത്തമായ ഡിയോഡറൈസറുകളുടെ ഉപയോഗം. മഴക്കാലത്ത് നിങ്ങളുടെ വസ്ത്രങ്ങൾ പുതുമയുള്ളതാക്കി വയ്ക്കാൻ പ്രകൃതിദത്ത ഡിയോഡറൈസറുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദമായ ഒരു കാര്യം കൂടിയാണ്. സിലിക്ക ജെൽ പായ്ക്കുകൾ, ദേവദാരുവിന്റെ കഷ്ണങ്ങൾ, ഉണങ്ങിയ കർപ്പൂരവള്ളി ചെടി എന്നിവ നിങ്ങളുടെ അലമാരയിലോ സ്റ്റോറേജ് സ്‌പെയ്‌സുകളിലോ ഇടുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.
    ഇത് ഈർപ്പം ആഗിരണം ചെയ്ത് ദുർഗന്ധം ഇല്ലാതാക്കി വസ്ത്രങ്ങൾ പുതുമയോടെ സൂക്ഷിക്കും. കൂടാതെ തുണികൾ അലക്കുന്നതിനു മുൻപ് വാഷിംഗ് മെഷീനിൽ അല്പം വിനാഗിരിയോ ബേക്കിംഗ് സോഡയോ ചേർക്കുന്നതും നല്ലതായിരിക്കും. ബേക്കിംഗ് സോഡ ഒരു പ്രകൃതിദത്ത ഡിയോഡറൈസറായും ഫാബ്രിക് സോഫ്‌റ്റനറായും തുണികളിൽ പ്രവർത്തിക്കും. വിനാഗിരിയാകട്ടെ ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യും.
  4. വാഷിംഗ് മെഷീൻ വ്യത്തിയാക്കുക. വസ്ത്രങ്ങൾ പുതുമയുള്ളതാക്കി സൂക്ഷിക്കാൻ വാഷിംഗ് മെഷീൻ കഴുകി ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഈർപ്പം, ഡിറ്റർജന്റിന്റെ അവശിഷ്ടങ്ങൾ, അഴുക്ക് എന്നിവ കാലക്രമേണ വാഷിംഗ് മെഷീനിൽ അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ ഇത് വസ്ത്രങ്ങളിൽ ദുർഗന്ധത്തിന് കാരണമായേക്കാം. അതിനാൽ വാഷിംഗ് മെഷീന്റെ ഡ്രമ്മും ഡിറ്റർജന്റ് കമ്പാർട്ടുമെന്റും വെള്ളവും വിനാഗിരിയോ അല്ലെങ്കിൽ ബേക്കിംഗ് സോഡയോ ഉപയോഗിച്ച് പതിവായി കഴുകുക. കൂടാതെ അലക്കലിനു ശേഷം വാഷിംഗ് മെഷീന്റെ മൂടി തുറന്നു വച്ച് ഉൾഭാഗം പൂർണ്ണമായും ഉണങ്ങാനും അനുവദിക്കുക.
  5. വസ്ത്രങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കുക. നിങ്ങൾ വസ്ത്രങ്ങൾ എങ്ങനെ സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ച് തന്നെ ആണ് വസ്ത്രത്തിന്റെ പുതുമയും നിലനിൽക്കുന്നത്. നിങ്ങൾ വസ്ത്രങ്ങൾ അലമാരയിലോ മറ്റും സൂക്ഷിക്കുന്നതിന് മുൻപ് അവ ശരിയായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുക. ഈർപ്പം നിലനിൽക്കാത്തതും വായു സഞ്ചാരം ഉള്ളതുമായ സ്റ്റോറേജ് ബിന്നുകളോ തുണി സഞ്ചികളോ ഉപയോഗിക്കുക. കൂടാതെ പ്ലാസ്റ്റിക് ബാഗുകളിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതും ഒഴിവാക്കുക. കാരണം ഇത് ഈർപ്പത്തെ ആഗീരണം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഇതിലൂടെ ബാക്ടീരിയകൾ ഉണ്ടാവുകയും ദുർഗന്ധത്തിന് കാരണമാവുകയും ചെയ്യും.
  6. മഴക്കാലത്ത് വസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ഉണക്കുക. വസ്ത്രങ്ങൾ തിരിച്ചിട്ട് ഉണക്കുന്നത് തുണിയിൽ ഈർപ്പം അടിഞ്ഞുകൂടുന്ന സാധ്യത ഒഴിവാക്കുകയും ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് എല്ലാ സീസണിലും നിങ്ങളുടെ വസ്ത്രങ്ങൾ പുതുമയോടെ നിലനിൽക്കാൻ സഹായിക്കും.
Advertisement