കുളിമുറിയിലെ ടൈലുകള്‍ക്കിടയിലെ അഴുക്ക് വൃത്തിയാക്കാനുള്ള ചില എളുപ്പമാര്‍ഗങ്ങള്‍
കുളിമുറിയുടെ തറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറയും ടൈലുകള്‍ക്കിടയില്‍ അടിഞ്ഞുകൂടുന്ന അഴുക്കും രോഗാണുക്കള്‍ക്ക് വളരാനുള്ള ഇടമാണ്. ടൈലുകള്‍ക്കിടയിലെ അഴുക്ക് വൃത്തിയാക്കാനുള്ള ചില എളുപ്പമാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ടൈലുകള്‍ക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ് ചൂടുവെള്ളം സ്പ്രേ. ടൈലിന്റെ മുകളില്‍ ചൂടുവെള്ളം നന്നായി സ്പ്രേ ചെയ്ത് കൊടുക്കുക. അതിനുശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ടൈലുകള്‍ക്കിടയില്‍ ഉരച്ച് കഴുകാം. അവസാനം നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം.
ചൂടുവെള്ളത്തിന് പകരം സ്റ്റീം ക്ലീനേഴ്സും ഉപയോഗിക്കാം. ഏറെ ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണിത്. ചൂടുള്ള ആവി ടൈലുകള്‍ക്കിടയിലെ അഴുക്കുള്ള ഭാഗത്ത് പതിപ്പിക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.
വിനാഗിരിയും വെള്ളവും
തുല്യ അളവില്‍ വെള്ളവും വിനാഗിരിയും എടുത്തശേഷം തറയില്‍ അഴുക്ക് അടിഞ്ഞുകൂടിയ ഭാഗത്ത് സ്പ്രേ ചെയ്തുകൊടുക്കാം. കുറഞ്ഞത് അഞ്ച് മിനിറ്റ് നേരത്തേക്ക് കാത്തിരിക്കാം. ഇതിനുശേഷം കട്ടിയുള്ള ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം.
ശ്രദ്ധിക്കുക: വിനാഗിരിയില്‍ വെള്ളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. കാരണം, അസിഡിക് സ്വഭാവമാണ് വിനാഗിരിക്ക് ഉള്ളത്. ഇത് നേരിട്ട് ഉപയോഗിക്കുന്നത് ടൈലിന് കേടുപാടുകള്‍ വരുത്തിയേക്കാം.