വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാം എളുപ്പത്തില്‍…..

Advertisement

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും ദഹനത്തിനുമൊക്കെ വെളുത്തുള്ളി ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതാ വെളുത്തുള്ളിയുടെ തൊലി കളയാനുള്ള നാലു എളുപ്പവഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

  1. നന്നായി ഉണങ്ങി, അല്ലികള്‍ അടര്‍ന്നു തുടങ്ങിയ വെളുത്തുള്ളി ആണെങ്കില്‍ നടുവില്‍ നന്നായൊന്നു പ്രസ് ചെയ്തു കൊടുക്കുമ്പോള്‍ അല്ലികള്‍ മുഴുവനായും അടര്‍ന്നുപോരും. അതല്ല, അല്ലികള്‍ തൊലിയാല്‍ നന്നായി കവര്‍ ചെയ്ത് നില്‍ക്കുന്ന രീതിയിലുള്ള വെളുത്തുള്ളി ആണെങ്കില്‍ അതെടുത്ത് കനമുള്ള എന്തെങ്കിലും വസ്തുക്കള്‍ വച്ച് ഒന്നു പ്രസ് ചെയ്തു കൊടുക്കുക. ശേഷം അല്ലികള്‍ അടര്‍ത്തിയെടുക്കാം.
  2. ഇങ്ങനെ അടര്‍ത്തിയെടുത്ത അല്ലികള്‍ ഒരു സ്റ്റീല്‍ പാത്രത്തിലാക്കി മുകളില്‍ അല്‍പ്പം വെളിച്ചെണ്ണ തൂവി നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു മണിക്കൂര്‍ നല്ല വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. ഉണങ്ങിയ അല്ലികള്‍ കൈകൊണ്ട് ഒന്നു അമര്‍ത്തി കൊടുക്കുന്ന മാത്രയില്‍ അടര്‍ന്നുപോരും. ഓരോ അല്ലികളായി എടുത്തു ചെയ്യുന്നതിനു പകരം, അല്ലികള്‍ ഒരു കിച്ചണ്‍ ടവ്വലില്‍ പൊതിഞ്ഞതിനു ശേഷം മുകളിലായി നല്ല രീതിയില്‍ അമര്‍ത്തി കൊടുത്താലും മതി.
  3. വെയില്‍ ലഭ്യമല്ലാത്ത സമയമാണെങ്കില്‍, മറ്റൊരു വഴിയുണ്ട്. ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതില്‍ വെളുത്തുള്ളി ഇട്ട് 2 മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഒരു കിച്ചണ്‍ ടവ്വലിന് അകത്ത് വച്ച് ഞെരണ്ടിയെടുത്ത് തൊലി കളയാം.
  4. വേറൊരു മാര്‍ഗം, കുറച്ചുവെള്ളം തിളപ്പിച്ചതിനു ശേഷം വെളുത്തുള്ളി അല്ലികള്‍ 10 മിനിറ്റ് അതിനകത്ത് ഇട്ടുവയ്ക്കുക എന്നതാണ്. അതിനുശേഷം അല്ലികളില്‍ നിന്നും തൊലികള്‍ വേഗത്തില്‍ ഇളക്കിയെടുക്കാന്‍ സാധിക്കും.

സമയം പോലെ ഒരാഴ്ചത്തേക്കോ രണ്ടാഴ്ചത്തേക്കോ ഒക്കെയുള്ള വെളുത്തുള്ളി ഇതുപോലെ തൊലി കളഞ്ഞെടുത്ത് വായുസഞ്ചാരം കടക്കാത്ത ഒരു ബോക്‌സിലാക്കി സ്റ്റോര്‍ ചെയ്തു ഫ്രിഡ്ജില്‍ വയ്ക്കാം. ഇങ്ങനെ ചെയ്താല്‍ കുറേ ദിവസങ്ങള്‍ ഉപയോഗിക്കാനാവും, മാത്രമല്ല പണിയും കുറഞ്ഞുകിട്ടും.