മുട്ട കേടില്ലാതെ സൂക്ഷിക്കാന്‍ ചില ടിപ്‌സ്

Advertisement

പുതിയ മുട്ട രണ്ടാഴ്ച കേടില്ലാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പാകം ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പ് ഫ്രിഡ്ജില്‍ നിന്നും വെളിയില്‍ എടുക്കുന്നതാണ് നല്ലത്. സാധാരണ ഊഷ്മാവിലുള്ള മുട്ട തണുത്ത മുട്ടയെക്കാള്‍ നന്നായി അടിച്ച് പതിപ്പിക്കുവാന്‍ സാധിക്കും. മുട്ട സൂക്ഷിക്കുമ്പോള്‍ മുട്ടയുടെ കൂര്‍ത്ത അറ്റം താഴേക്ക് ആക്കി വയ്ക്കുവാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ വയ്ക്കുമ്പോള്‍ ചുവന്ന കരു പൊട്ടി പോകാനുള്ള സാധ്യത കുറയുന്നു. മഞ്ഞക്കരു ഉപയോഗിച്ചശേഷം വെള്ള മാത്രമായി ബാക്കി വരുന്നെങ്കില്‍ പിരി അടപ്പുള്ള ഒരു ചെറിയ കുപ്പിയിലാക്കി ഫ്രിഡ്ജില്‍ മൂന്നു ദിവസം വരെ സൂക്ഷിക്കാം. എന്നാല്‍ പൊട്ടിച്ച ഉടനെതന്നെ ഇത് ഫ്രിഡ്ജില്‍ ആക്കാന്‍ മറക്കരുത്. മഞ്ഞക്കരു ആണ് ബാക്കി വരുന്നതെങ്കില്‍ അതും പിരി അടപ്പുള്ള ഒരു കുപ്പിയില്‍ കുറച്ച് വെള്ളമോ എണ്ണയോ മീതെ ഒഴിച്ചു രണ്ടു ദിവസം സൂക്ഷിക്കാവുന്നതാണ്.
ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത മുട്ട അതേപടി ഉപയോഗിക്കാതെ മീതെ അല്പം ചൂട് വെള്ളം വീഴ്ത്തിയശേഷം പാകം ചെയ്യുക. മുട്ട പുഴുങ്ങാനായി പച്ചവെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ തീയ് കുറച്ചു പത്തു മിനിറ്റു കൂടി അടുപ്പത്ത് വച്ചശേഷം വാങ്ങി വെള്ളം ഊറ്റി കളഞ്ഞ് പച്ചവെള്ളത്തിലിടുക. ഉണ്ണിയുടെയും വെള്ളയുടെയും മധ്യേ ഒരു കറുത്ത് പാടുണ്ടാകുന്നത് ഇതു തടയും. പൊടിച്ച പഞ്ചസാര ചേര്‍ത്ത് മുട്ടയുടെ വെള്ള അടിക്കുമ്പോള്‍ പഞ്ചസാര കുറേശ്ശെ ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ മുട്ട പതയാതെ വെള്ളം പോലെ കിടക്കും.
കേക്കും പുഡിംഗും ഉണ്ടാക്കുമ്പോള്‍ അല്പം ഉപ്പോ, നാരങ്ങാനീരോ ചേര്‍ത്ത് മുട്ട അടിക്കുക. ബേക്ക് ചെയ്യുമ്പോള്‍ മുട്ടയുടെ വെള്ള താണുപോകയില്ല. മുട്ട പതിപ്പിക്കുന്നതിന്റെ കൂടെ ഒരു നുള്ള് കോണ്‍ഫ്‌ളവര്‍ കൂടി ചേര്‍ത്തടിച്ചാല്‍ ഓംലെറ്റിന് നല്ല മയം കാണും. പതഞ്ഞ് പൊങ്ങുകയും ചെയ്യും. മുട്ടയുടെ ഉണ്ണിയും വെള്ളക്കരുവും വേര്‍തിരിക്കാന്‍ ഒരെളുപ്പമാര്‍ഗം. ഒരു ഗ്ലാസെടുത്ത് അതിനു മീതെ ഒരു ചോര്‍പ്പ് പിടിച്ച് മുട്ട പൊട്ടിച്ച് അതിലേക്കൊഴിക്കുക. വെള്ള വേഗം ചോര്‍പ്പിലൂടെ ഗ്ലാസിലേക്കു വീഴും. ഉണ്ണി ചോര്‍പ്പിലൂടെ വീഴുന്നതിനുമുമ്പ് ഗ്ലാസ് വേഗം മാറ്റി വേറെ ഗ്ലാസ് വയ്ക്കുക.
മുട്ട പുഴുങ്ങിയ ശേഷം തണുത്ത വെള്ളത്തിലിട്ടാല്‍ ശരിക്ക് തോട് പൊളിച്ചെടുക്കാന്‍ സാധിക്കും. പൊട്ടിയ മുട്ട പുഴങ്ങേണ്ടിവന്നാല്‍ പുഴുങ്ങുന്ന വെള്ളത്തില്‍ കുറച്ചു വിന്നാഗിരി ചേര്‍ക്കുക. മുട്ടവെള്ള ചേര്‍ത്താല്‍ സുഫ്‌ളേയ്ക്കു നല്ല വെണ്‍മ കിട്ടും ബേക്കു ചെയ്ത പുഡിംഗിന്റെ മീതെ പുരട്ടിയാലും നന്നായിരിക്കും. മുട്ട വെള്ളയടിച്ച്, പഴച്ചാറില്‍ ചേര്‍ത്തു ഡെസേര്‍ട്ടുണ്ടാക്കാം. ഒരു മുട്ടവെള്ളയില്‍ പത്തു മില്ലിഗ്രാം പൊടിച്ച പഞ്ചസാര ചേര്‍ത്തടിച്ചു റൊട്ടിയുടെയും പേസ്ട്രിയുടെയും കേക്കിന്റെയും മീതെ ബ്രഷ്‌കൊണ്ടു പുരട്ടിയാല്‍ നല്ല തിളക്കം കിട്ടും. കസ്റ്റാര്‍ഡില്‍ ഒരു മുട്ട ചേര്‍ക്കുന്നതിനു പകരം രണ്ട് ഉണ്ണി ചേര്‍ക്കാം. ഒരു മുട്ടയ്ക്കു പകരം രണ്ട് ഉണ്ണി 15 മില്ലി വെള്ളവും ചേര്‍ത്തടിച്ച് യീസ്റ്റ് കൂട്ടില്‍ ചേര്‍ത്തു രുചികരമായ കേക്കും ബണ്ണും ബിസ്‌ക്കറ്റും ഉണ്ടാക്കാം. ഉണ്ണിയില്‍ 10 മില്ലി പാല്‍ ചേര്‍ത്തടിച്ചു ചിക്കിപ്പൊരിക്കാം.
സോസിനോ സൂപ്പിനോ കൊഴുപ്പുണ്ടാക്കാന്‍ മുട്ടയുടെ ഉണ്ണി പാലോ നാരങ്ങാനീരോ ചേര്‍ത്ത് അടിച്ചു ചേര്‍ക്കാം. അതു പാത്രത്തിലൊഴിച്ചു തുടരെയിളക്കി ചൂടാക്കിയെടുക്കാം. തിളയ്ക്കരുത്. മുട്ടകൊണ്ടു പാചകത്തിനു പുറമെയും ഉപയോഗങ്ങളുണ്ട്. പഞ്ചസാരപ്പാനിയിലെ അഴുക്കുകളയാന്‍ മുട്ടകൊണ്ടൊരു വിദ്യയുണ്ട്. മുട്ടയുടെ വെള്ള നന്നായി അടിച്ചു പതച്ചു പഞ്ചസാരപ്പാനിയില്‍ ഒഴിക്കുക. അഴുക്കു മുഴുവന്‍ പതയില്‍ പിടിക്കും. പത മാറ്റിയാല്‍ മതി. മുട്ടവെള്ള അധികം വന്നാല്‍ ഒരു പാത്രത്തിലാക്കി വായു കടക്കാത്ത രീതിയിലടിച്ചു ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറച്ചു ദിവസങ്ങളോളം കേടാകാതിരിക്കും. ഐസ്‌ക്രീമോ പുഡിംഗോ മറ്റോ ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കാം. പുഴുങ്ങിയ മുട്ട മുറിക്കുമ്പോള്‍ പൊടിയാതിരിക്കാന്‍ കത്തി തിളച്ച വെള്ളത്തില്‍ മുക്കിയിട്ടു മുറിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here