പച്ചക്കറികള്‍ വാടിപ്പോയോ….. വിഷമിക്കേണ്ട….പുതുമ കൈവരിക്കാന്‍ വഴിയുണ്ട്

Advertisement

പച്ചക്കറികള്‍ കഴുകിയതിനു ശേഷം മാത്രം അരിയുക. കഷണങ്ങളാക്കിയ ശേഷം കഴുകിയാല്‍ അവയില്‍ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികള്‍ ഇടുന്നതാണു നല്ലത്. പോഷകനഷ്ടം തടയാമെന്നു മാത്രമല്ല. കൂടുതല്‍ രുചിയും കിട്ടും. പച്ചക്കറികള്‍ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്. പച്ചക്കറിയുടെ പോഷകഗുണം മുഴുവന്‍ തൊലിയിലാണു അടങ്ങിയിരിക്കുന്നത്. പച്ചക്കറികള്‍ വേവിക്കുമ്പോള്‍ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാന്‍ അവയില്‍ അര റ്റീ സ്പൂണ്‍ പഞ്ചസാര ചേര്‍ത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികള്‍ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങള്‍ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാന്‍, തിളച്ച വെള്ളത്തില്‍ ഉപ്പു ചേര്‍ത്തു വേവിക്കുക. പച്ചക്കറികള്‍ ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ചു മൂടി ആവിയില്‍ വേവിച്ചെടുത്താല്‍ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല. എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികള്‍ക്ക് പുതുമ കൈവരാന്‍ അവ ഒരു മണിക്കൂര്‍ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക. വെള്ളത്തില്‍ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേര്‍ക്കണം.

രൂക്ഷഗന്ധമുള്ള പച്ചക്കറികള്‍ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തില്‍ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോള്‍ നിറം പോകാതിരിക്കാന്‍ അല്പം ഉപ്പുവെള്ളം തളിച്ചു വേവിക്കുക. തക്കാളിച്ചാറില്‍, ബീറ്റ്‌റൂട്ട് ഗ്രേറ്റു ചെയ്ത് പിഴിഞ്ഞു ചേര്‍ത്താല്‍ നിറവും പോഷകഗുണവും കൂടും. കയ്പ്പന്‍ പാവയ്ക്കയുടെ ചവര്‍പ്പു പോകാന്‍ അല്പം നാരങ്ങാനീരു ചേര്‍ത്തു കറിവയ്ക്കുക. പാവയ്ക്കായുടെ കയ്പു കുറയ്ക്കാന്‍ അതിന്റെ ഉള്ളിലെ വെളുത്ത പാട നിശ്ശേഷം നീക്കണം. പാവയ്ക്കാ തീയല്‍ വയ്ക്കുന്നതിന് ആദ്യം അതു വഴറ്റുക. പിന്നീട് പുളി പിഴിഞ്ഞ് ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ചു തിളപ്പിക്കുക. പാവയ്ക്കാ അതിലിട്ടു വേവിച്ചാല്‍ കയ്പ് ഒട്ടും കാണുകയില്ല. വിറ്റാമിന്‍ സി. ധാരാളമടങ്ങിയിട്ടുള്ള കാബേജ് പാകം ചെയ്യുന്നതിനു തൊട്ടു മുമ്പേ മുറിക്കാവൂ. അരിഞ്ഞു തുറന്നു വയ്ക്കരുത്. വായുവുമായുള്ള സമ്പര്‍ക്കത്താല്‍ പോഷകമൂല്യം നഷ്ടപ്പെടും. കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടാതിരിക്കാന്‍ ഒരു ചെറിയ കഷണം ബ്രഡ് പൊടിച്ചു ചേര്‍ക്കുക.കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ അല്പം നാരങ്ങാനീരു ചേര്‍ത്താല്‍ മതി. കാബേജിന്റെ പുറത്തുള്ള ഇലകള്‍ കളയരുത്. അവ സംരക്ഷക പോഷകമൂല്യങ്ങള്‍ അടങ്ങിയതാണ്.പട്ടാണി തൊലിയോടെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിനു പകരം അതിന്റെ തോടു മാറ്റി പ്ലാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക. വേഗത്തില്‍ വെന്തു കിട്ടും.

മൂന്നോ നാലോ തുള്ളി വിന്നാഗിരി ചേര്‍ത്തു ഗ്രീന്‍പീസ് പാകം ചെയ്താല്‍ പച്ചനിറം നഷ്ടപ്പെടുകയില്ല. പുലാവില്‍ ചേര്‍ക്കാന്‍ ഗ്രീന്‍പീസ് ഉപയോഗിക്കുമ്പോള്‍ അല്പം എണ്ണ പുരട്ടുക. അതിന്റെ സ്വാഭാവികനിറം നഷ്ടപ്പെടാതിരിക്കും. കോളിഫ്‌ലവര്‍, മുള്ളങ്കി, ഉള്ളി എന്നിവയുടെ ഇലകളും കറിക്കുപയോഗിക്കാം. കോളിഫ്‌ലവറില്‍ നിന്നും പുഴുക്കളെ നീക്കാന്‍ ഒരു മാര്‍ഗം. കോളിഫ്‌ലവര്‍ പാകം ചെയ്യുന്നതിനു മുമ്പു വിനാഗിരി ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ അല്പ സമയം ഇട്ടു വയ്ക്കുക. വെള്ളപ്പുഴുക്കള്‍ ചത്തുപൊങ്ങുമ്പോള്‍ കഴുകി മാറ്റാം. കോളിഫ്‌ലവര്‍ വേവിക്കുമ്പോള്‍, വെണ്മ നഷ്ടപ്പെടാതിരിക്കാന്‍ അതില്‍ രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍ പാല്‍ ഒഴിക്കുക. വെന്തു കഴിഞ്ഞാലും വെണ്മ അതേപടി നിലനില്ക്കും. കോളിഫ്‌ലവര്‍ വേവിക്കുമ്പോള്‍ നിറം മാറ്റം സംഭവിക്കാതിരിക്കാന്‍, ഏതാനും ചെറുനാരങ്ങാക്കഷണങ്ങളോ, അല്പം പഞ്ചസാരയോ ചേര്‍ത്തു കോളിഫ്‌ലവര്‍ വേവിക്കുക. കൂണ് നല്ലതാണോ വിഷാംശമുള്ളതാണോ എന്നറിയാന്‍, കൂണ് ഒരു പാത്രത്തിലിട്ടു നാലഞ്ചു വെളുത്തുള്ളി അല്ലിയും കുറച്ചു വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. വെള്ളത്തിനു കറുത്ത നിറം വരികയാണെങ്കില്‍ കൂണ് വിഷാംശമുള്ളതാണ്.ചൈനീസ് വിഭവങ്ങളില്‍ ചേര്‍ക്കാന്‍ കൂണ്, ഇല്ലിമുള എന്നിവയില്ലെങ്കില്‍ പകരം ചെറുതായി അരിഞ്ഞ സെലറി ചേര്‍ക്കുക.

കോളിഫ്‌ലവറിന്റെ തണ്ട് വെള്ളത്തിലിട്ടു തിളപ്പിച്ചു ഇല്ലിമുളയ്ക്കു പകരം ഉപയോഗിക്കാം. കൂണിന്റെ തണ്ട് ഇലപോലെ സ്വാദിഷ്ടമാണ്. അതരിഞ്ഞ് സൂപ്പിലും സോസിലും ചേര്‍ക്കുക. രുചികരമായിരിക്കും. കൂണിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാന്‍ ഉപ്പിട്ടു തിളച്ച വെള്ളത്തില്‍ ഒരു മിനിറ്റു മുക്കിവച്ചിട്ട്, വെള്ളം ഊറ്റിക്കളഞ്ഞ് തണുക്കുമ്പോള്‍ വായുകടക്കാത്ത ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കുക. വെണ്ടയ്ക്കാ വറുക്കുമ്പോള്‍ വഴുവഴുപ്പ് ഉണ്ടാകാതിരിക്കാന്‍ രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍ തൈരോ മോരോ ചേര്‍ത്തു വെണ്ടയ്ക്കാ വറുക്കുക. വഴുതനങ്ങ, കായ് തുടങ്ങിയ കറയുള്ള പച്ചക്കറികള്‍ മുറിക്കുമ്പോള്‍ നിറം മാറാതിരിക്കാന്‍ രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍ മോരോ, നാരങ്ങാനീരോ കലക്കിയ വെള്ളത്തില്‍ അരിഞ്ഞിടുക. പുറം തൊലിയില്‍ വെണ്ണപുരട്ടി ബേക്കു ചെയ്താല്‍ ഉരുളക്കിഴങ്ങിന്റെ തൊലി വിണ്ടുകീറി പൊട്ടാതിരിക്കും. ഉരുളക്കിഴങ്ങ് പുഴുങ്ങാനിടുന്ന വെള്ളത്തില്‍ ഒരു റ്റീസ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. ഉരുളക്കിഴങ്ങിന്റെ വെണ്മ ഒട്ടും നഷ്ടപ്പെടുകയില്ല. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവ പുഴുങ്ങിയതിനുശേഷമേ തൊലി കളയാവൂ. ഉരുളക്കിഴങ്ങ് വറുക്കുന്നതിനു മുമ്പ് മഞ്ഞള്‍പ്പൊടി കലക്കിയ ഉപ്പുവെള്ളത്തില്‍ കുറച്ചു സമയം ഇടുക. പിന്നീടെടുത്ത് തുണികൊണ്ടു തുടച്ചിട്ടു വറുത്താല്‍ സ്വര്‍ണ്ണനിറവും നല്ല കരുകരുപ്പും കിട്ടും.

ഉരുളക്കിഴങ്ങിനോടൊപ്പം ഉള്ളി വയ്ക്കാതിരുന്നാല്‍ ഉരുളക്കിളങ്ങ് ഒരു പരിധിവരെ കേടാകാതെ സൂക്ഷിക്കാം. പുഴുങ്ങിയ ഉരുളക്കിഴങ്ങ് നന്നായി തണുത്തശേഷമേ കഷണങ്ങളാക്കുകയോ പൊടിക്കുകയോ ചെയ്യാവൂ. ചൂടോടെ ഉടച്ചാല്‍ പിന്നീട് ഉപ്പും ഉള്ളിയും ചേര്‍ക്കുമ്പോള്‍ അതു വെള്ളമയമായിത്തീരും. അതുകൊണ്ടു നന്നായി തണുത്തശേഷം മാത്രമേ ഉടയ്ക്കാവൂ. കൂര്‍ക്കയുടെ തൊലി പെട്ടെന്ന് ഇളകിപ്പോകാന്‍ കുറച്ചുനേരം വെള്ളത്തിലിട്ടശേഷം ചാക്കിന്‍കഷണത്തില്‍ കെട്ടി പരുപരുത്ത നിലത്തിട്ടു തല്ലുക. വാഴയ്ക്കയുടെയും വാഴക്കൂമ്പിന്റെയും കറ നിശ്ശേഷം കളയാന്‍ അരിഞ്ഞു പത്തു മിനിറ്റു വെള്ളത്തിലിട്ടശേഷം മോരോ മഞ്ഞള്‍പ്പൊടിയോ കൊണ്ടു കഴുകുക. ബീറ്റ്‌റൂട്ട് തൊലിയോടെ പാകം ചെയ്യുക. സ്വാദും ഫ്‌ലേവറും അതേപടിയിരിക്കാന്‍ അതു സഹായിക്കും. പച്ചമുളകു കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പുനീക്കി, പ്ലാസ്റ്റിക് ബാഗില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. കറിക്ക് വഴറ്റുന്ന പച്ചമുളക് കീറിയിടുന്നതിനു പകരം ഒരു ഫോര്‍ക്കുകൊണ്ടു നാലഞ്ചിടത്തു കുത്തിയിട്ടു വഴറ്റിയാല്‍ മുളകിന്റെ അരി പൊട്ടിത്തെറിക്കയില്ല. വെളുത്തുള്ളി അല്ലികളായി അടര്‍ത്തി നിരത്തിയാല്‍ പെട്ടെന്നു കേടാകാതിരിക്കും. സവാളക്കഷണങ്ങള്‍ അല്പം പാലില്‍ കുതിര്‍ത്തശേഷം വറുക്കുക. നല്ല നിറവും മണവും കിട്ടും.ഉള്ളിവര്‍ഗങ്ങള്‍ തുറന്നതും പരന്നതുമായ പാത്രങ്ങളില്‍ സൂക്ഷിച്ചാല്‍ അധികനാള്‍ കേടാകാതിരിക്കും. കടുകു വറുക്കുമ്പോള്‍ എണ്ണ തെറിക്കാതിരിക്കാന്‍ ആദ്യം ഉള്ളിയും കറിവേപ്പിലയും വഴറ്റി വെള്ളം വറ്റിയശേഷം എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുകു വറുക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here