ഇരുമ്പ് പാത്രങ്ങള്‍ തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കാം… ഇങ്ങനെ ചെയ്ത് നോക്കു….

Advertisement

ഇരുമ്പ് പാത്രങ്ങള്‍ പതിറ്റാണ്ടുകളോളം ഈടുനില്‍ക്കുന്നവയാണ്. ഭാരം കുറച്ച് കൂടുതലാണ് എന്നതും ചൂടാകാന്‍ സമയമെടുക്കും എന്നതുമാണ് ഇവയുടെ ചില ദോഷ വശങ്ങള്‍. എന്നാല്‍, ആരോഗ്യകരമായ ജീവിതത്തിന് ഇരുമ്പ് പാത്രങ്ങളില്‍ പാചകം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ഇരുമ്പ് പാത്രങ്ങളില്‍ അസിഡിറ്റി ഉള്ള ഭക്ഷണം എളുപ്പത്തില്‍ പാചകം ചെയ്യാം. കുറച്ചു നേരത്തേയ്ക്ക് വയ്ക്കുകയാണെങ്കില്‍ പുളിയുള്ള ഭക്ഷണങ്ങള്‍ പാത്രത്തിലെ ഇരുമ്പുമായി പ്രവര്‍ത്തിക്കില്ല. മാത്രമല്ല, ഇത്തരം പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍, ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും താപം തുല്യമായി എത്തുന്നതിനാല്‍, ഭക്ഷണത്തിന്റെ രുചിയും കൂടും. അതേപോലെ തന്നെ, നോണ്‍ സ്റ്റിക്ക് പാത്രങ്ങളിലേതു പോലെ, ടെഫ്‌ലോണ്‍ പോലുള്ള സിന്തറ്റിക് കോട്ടിംഗുകള്‍ ഇല്ലാത്തതിനാല്‍, ഹാനികരമായ വസ്തുക്കള്‍ ഭക്ഷണത്തില്‍ കലരുന്നത് ഒഴിവാക്കാം.
എന്നാല്‍, പെട്ടെന്ന് തുരുമ്പ് പിടിക്കും എന്നതാണ് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നം. ഓരോ തവണയും ഉപയോഗശേഷം പാത്രങ്ങള്‍ കഴുകി ഉണക്കി എണ്ണ പുരട്ടി വയ്ക്കുക എന്നതാണ് ഇതിനുള്ള ഒരു വഴി.
വീട്ടില്‍ തുരുമ്പിച്ചു കിടക്കുന്ന പഴയ കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ വൃത്തിയാക്കി സീസണ്‍ ചെയ്ത് എടുക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയാണ് വ്‌ളോഗര്‍ ഇന്ദു അഖില്‍. ഇത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ കഴുകി, നന്നായി തുരുമ്പ് കളഞ്ഞ് എടുക്കുക. ഇത് രണ്ടു തരത്തില്‍ സീസണ്‍ ചെയ്യാം. രണ്ടും ചൂടാക്കി എണ്ണ ഒഴിക്കുക. ഒന്നില്‍ വാഴയില ഇട്ടു നന്നായി വാട്ടുക. മറ്റേതില്‍ സവാള അരിഞ്ഞിട്ടും വഴറ്റി എടുക്കാം. ഇത് രാത്രി മുഴുവന്‍ വച്ച് രാവിലെ എടുത്ത് മാറ്റുക. ഇരുമ്പ് പാത്രങ്ങളുടെ തുരുമ്പ്മണവും രുചിയും മാറുന്നത് വരെ ഇത് തുടരുക.

Advertisement