അടുക്കള എല്ലായ്‌പ്പോഴും വൃത്തിയും ഭംഗിയും ആവശ്യമുള്ള സ്ഥലമായിരിക്കണം. അടുക്കളയിലെ സിങ്ക് ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ഭക്ഷണം കഴിച്ച പാത്രങ്ങളെല്ലാം അടുക്കളയില്‍ സിങ്കിലാണ് പൊതുവെ ഇടാറുള്ളത്. പലതരത്തിലുള്ള ബാക്ടീരിയകളും അതുപോലെ ദുര്‍ഗന്ധവുമൊക്കെ സിങ്കില്‍ സാധാരണമായി ഉണ്ടാകാറുണ്ട്. സിങ്കിലെ ഈ നാറ്റം കാരണം പലപ്പോഴും അടുക്കളയില്‍ നിന്ന് പാചകം ചെയ്യാന്‍ പോലും സാധിക്കില്ല. അടുക്കളയിലെ സിങ്കിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ചെയ്യാന്‍ കഴിയുന്ന ചില പൊടികൈകളുണ്ട്.
വിനാഗിരി
അടുക്കള സിങ്കില്‍ നിന്ന് മണം വരാന്‍ തുടങ്ങിയാല്‍, അത് പരിഹരിക്കാന്‍ വിനാഗിരി മതിയാകും. ഒരു കപ്പ് വെള്ളത്തില്‍ 3 കപ്പ് വിനാഗിരി ചേര്‍ത്ത് കുറച്ച് ബേക്കിംഗ് സോഡയും ഒരു നാരങ്ങ നീരും ചേര്‍ക്കുക. ഈ മിശ്രിതം ഒഴിച്ച് സിങ്ക് വൃത്തിയാക്കുക. സിങ്കിലെ അഴുക്കും കറയും മാറ്റാനും അതുപോലെ മണം ലഭിക്കാനും ഇത് ഏറെ നല്ലതാണ്. ഇതുപോലെ പച്ചക്കറികളും ഇറച്ചിയുമൊക്കെ വിനാഗിരി ഒഴിച്ച് കഴുകുന്നതും ഏറെ നല്ലതാണ്.
പെപ്പര്‍മിന്റ് ഓയില്‍
അടുക്കളയിലെ സിങ്കില്‍ നിന്ന് ദുര്‍ഗന്ധം അകറ്റാന്‍ ആദ്യം സിങ്ക് നന്നായി വൃത്തിയാക്കി അത് ഉണക്കി എടുക്കുക. അതിനു ശേഷം പെപ്പര്‍മിന്റ് ഓയില്‍ ഈ സിങ്കില്‍ വിതറാം. ഇതിനായി ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിക്കാവുന്നതാണ്. കുറച്ച് വെള്ളം ഒഴിച്ച് അതില്‍ പെപ്പര്‍മിന്റ് ഓയില്‍ ചേര്‍ത്താണ് സ്‌പ്രേ ചെയ്യേണ്ടത്. എന്നാല്‍ വെള്ളം കലര്‍ത്താതെ വെറുതെ വിതറുന്നത് നല്ല തിളക്കം നല്‍കാന്‍ സഹായിക്കും. പെപ്പര്‍മിന്റ് ഓയില്‍ ലഭ്യമല്ലെങ്കില്‍, കുറച്ച് പുതിന പിഴിഞ്ഞ് ജ്യൂസ് എടുത്ത് സിങ്കില്‍ ഒഴിക്കാവുന്നതാണ്.
നാരങ്ങ തൊലി
എല്ലാ വീട്ടിലെയും അടുക്കളയില്‍ സുലഭമായി കാണുന്നതാണ് നാരങ്ങ. ചൂട് സമയത്ത് ഒരു നാരങ്ങ വെള്ളം കുടിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. നാരങ്ങയുടെ നീര് സൗന്ദര്യ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. എന്നാല്‍ ഈ നാരങ്ങയുടെ തൊലി ഉപയോഗിച്ചും പല തരത്തിലുള്ള ഗുണങ്ങളുണ്ട്. നാരങ്ങ ഉപയോഗിക്കുന്നതിനും തൊലികള്‍ വലിച്ചെറിയുന്നതിനും പകരം, സിങ്കിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഇവ ഉപയോഗിക്കാം. നാരങ്ങ നീര് പിഴിഞ്ഞ് നാരങ്ങയുടെ ഉള്ളില്‍ ഉപ്പ് ചേര്‍ത്ത് സിങ്കില്‍ മുഴുവന്‍ തേച്ച് പിടിപ്പിക്കുക.
അരമണിക്കൂറോളം കുതിര്‍ത്ത ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ് ഇത് സിങ്ക് തിളങ്ങുകയും വൃത്തിയുള്ളതുമായിരിക്കും അതുപോലെ മണം ലഭിക്കാനും സഹായിക്കും.
നാഫ്താലിന്‍ ഗുളിക
നാഫ്തലിന്‍ ഗുളിക അഥവ പാറ്റ ഗുളിക പല വീടുകളിലും കാണാറുണ്ട്. കുളിമുറിയിലും ക്ലോസറ്റിലുമൊക്കെ ഈ നാഫ്തലിന്‍ ഗുളികകള്‍ മണത്തിന് ഉപയോഗിക്കാറുണ്ട്. സിങ്കിലെ ദുര്‍ഗന്ധം അകറ്റാനുള്ള ഏറ്റവും വലിയ എളുപ്പ വഴിയാണിത്. സിങ്കില്‍ നാഫ്താലിന്‍ ഗുളികകള്‍ വയ്ക്കുന്നത് ദുര്‍ഗന്ധം തടയാന്‍ സഹായിക്കും. പക്ഷെ പാത്രങ്ങള്‍ക്കൊപ്പം ഒരിക്കലും നാഫ്തലിന്‍ ഗുളികകള്‍ ഇടാന്‍ പാടില്ല.
ഡ്രൈനേജ് വൃത്തിയാക്കുക
സിങ്ക് മാത്രം വൃത്തിയായി സൂക്ഷിച്ചിട്ട് കാര്യമില്ല. സിങ്കിലേക്കുള്ള പൈപ്പുകള്‍ അതുപോലെ ഡ്രൈനേജ് എന്നിവയെല്ലാം വ്യത്തിയാക്കി വയ്ക്കണം. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് സിങ്കില്‍ അല്‍പ്പം ബ്ലീച്ചിംഗ് പൗഡറിട്ട് അതിലേക്ക് ചൂട് വെള്ളം ഒഴിച്ചിടുക. ഇത് സിങ്കില്‍ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കില്‍ മാറ്റാന്‍ സഹായിക്കും. പല വീടുകളിലും ഓടകള്‍ വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കാറുണ്ട്. ഇത് അടുക്കളയിലെ സിങ്കില്‍ ദുര്‍ഗന്ധവും ഉണ്ടാക്കും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നതാണ് നല്ലത്.