ഇനി സ്റ്റീല്‍ പാത്രങ്ങള്‍ പുത്തന്‍പോലെ വെട്ടിതിളക്കും… ഇതൊന്നു പരീക്ഷിക്കൂ…

Advertisement

വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് അടുക്കള ജോലി. അടുക്കളയില്‍ കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാനാണെങ്കില്‍ ഇരട്ടി സമയവും അധ്വാനവും വേണം. അടുക്കളയിലെ സ്റ്റീലിന്റെ പാത്രങ്ങള്‍ എല്ലാ കറയുമിളക്കി പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ഇതാ…

*ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്റ്റീല്‍ പാത്രങ്ങള്‍ അടിക്ക് പിടിച്ച് കരിഞ്ഞത് വൃത്തിയാക്കാന്‍ ആണ് ഏറ്റവും പാട് തോന്നുക. പ്രത്യേകിച്ച് പാല്‍പ്പാത്രങ്ങള്‍, ചായപ്പാത്രങ്ങളൊക്കെ. ഇവയെല്ലാം എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാന്‍ ഇതില്‍ നിറയെ വെള്ളമെടുത്ത് അല്‍പനേരം ചെറിയ തീയില്‍ അടുപ്പില്‍ വയ്ക്കുക. ശേഷം തീ അണച്ച്, ഇതൊന്ന് ആറാന്‍ വയ്ക്കാം. ശേഷം സ്‌ക്രബും സോപ്പോ ലിക്വിഡോ എന്താണെങ്കിലും ഇവ ഉപയോഗിച്ച് വളരെ സിമ്പിളായി തേച്ച് വൃത്തിയാക്കിയെടുക്കാം.

  • ബേക്കിംഗ് സോഡ ഉപയോഗിച്ച് സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കിയാലും പെട്ടെന്ന് ജോലി തീരും. രണ്ട് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ അല്‍പം ചൂടുവെള്ളത്തില്‍ കലര്‍ത്തി ഈ മിശ്രിതം പാത്രത്തിലേക്ക് പകരുക. അല്‍പനേരം വച്ച ശേഷം സ്‌ക്രബ്ബുപയോഗിച്ച് തേച്ചുരച്ച് എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാം.

*വിനാഗിരിയും പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ആശ്രയിക്കാവുന്നൊരു ലായനിയാണ്. ഒരു ബോട്ടില്‍ വിനാഗിരിയുടെ മൂന്നിലൊരു ഭാഗം എടുത്ത് പാത്രത്തിലൊഴിച്ച് അല്‍പമൊന്ന് ചൂടാക്കുക. ആറിയ ശേഷം സ്‌ക്രബ്ബുപയോഗിച്ച് ഉരച്ച് കഴുകിയെടുക്കാം.

*വിനാഗിരിയെ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ് ചെറുനാരങ്ങാനീരും. ഇതില്‍ അല്‍പം ബേക്കിംഗ് സോഡ കൂടി ചേര്‍ക്കുന്നതാണ് നല്ലത്. രണ്ട് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും അല്‍പം ചെറുനാരങ്ങാനീരും ഒരുമിച്ച് യോജിപ്പിച്ച് ഇത് കറയുള്ള പാത്രത്തില്‍ തേക്കുക. 10-15 മിനുറ്റ് വച്ച ശേഷം സ്‌ക്രബ്ബുപയോഗിച്ച് വൃത്തിയാക്കിയെടുക്കാവുന്നതേയുള്ളൂ.

  • സ്റ്റീല്‍ പാത്രങ്ങളില്‍ വെള്ളത്തിന്റെ തന്നെ കറ പറ്റാറുണ്ട്. ഇതൊഴിവാക്കാന്‍ പാത്രങ്ങള്‍ വൃത്തിയാക്കിയ ശേഷം സോഫ്റ്റായ കോട്ടണ്‍ തുണി കൊണ്ട് പാത്രം നല്ലതുപോലെ തുടച്ചുവയ്ക്കുക.