മുടികൊഴിച്ചിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി വളർത്തണമെങ്കിൽ ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. മുടിയുടെ ശരിയായ പ്രശ്നം കണ്ടെത്തി മുടി കൊഴിച്ചിൽ മാറ്റാനുള്ള വഴികൾ വേണം കണ്ടെത്താൻ. ഭക്ഷണത്തിൽ സിങ്ക്, അയൺ, ബയോട്ടിൻ എന്നിവയൊക്കെ ഉൾപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. അതുപോലെ മുടി വളരാൻ സഹായിക്കുന്ന ഒരു സിമ്പിൾ ബയോട്ടിൻ ഡ്രിങ്കാണിത്. മുടി കൊഴിച്ചിൽ മാറ്റാനും മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താനും ഇത് ഏറെ സഹായിക്കുന്നതാണ്. മുടി വളർത്താൻ മാത്രമല്ല ആരോഗ്യത്തിനും കൂടി വളരെ നല്ലതാണ് ഈ ബയോട്ടിൻ ഡ്രിങ്ക്.
ഫ്ലാക്സ് സീഡ്സ് അഥവ ചണവിത്ത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ, ആൻ്റി ഓക്സിഡൻ്റ് എന്നിവയെല്ലാം ഫ്ലാക്സ് സീഡ്സിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ പോഷിപ്പിക്കാനും മുടി നന്നായി വളർത്തിയെടുക്കാനും ഏറെ സഹായിക്കുന്നതാണ് ഫ്ലാക്സ് സീഡ്സ്. അകാല നര മാറ്റാൻ സഹായിക്കുന്ന ഘടകങ്ങൾ ഫ്ലാക്സ് സീഡ്സിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കിന്ന ഒമേഗ 3 ഫാറ്റി ആസിഡ് തലയോട്ടിയിലെ മുടി പോകുന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ഏറെ സഹായിക്കും.
മുടിയ്ക്ക് വളരെ നല്ലതാണ് ബദാം. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ് ബദാം ഓയിൽ. മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങളെ അകറ്റാൻ ഇത് ഏറെ സഹായിക്കാറുണ്ട്. മുടിയ്ക്ക് ആവശ്യമായ ബയോട്ടിൻ, വൈറ്റമിൻ ബി 7 എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. നാച്യുറൽ ബയോട്ടിൻ സപ്ലിമെൻ്റായി ബദാം ഉപയോഗിക്കാവുന്നതാണ്. മുടിയെ നല്ല ബലമുള്ളതാക്കാനും അതുപോലെ പൊട്ടി പോകാതിരിക്കാനും ബദാം സഹായിക്കാറുണ്ട്. സൂര്യപ്രകാശത്തിൽ നിന്നുള്ള രശ്മികളിൽ നിന്ന് മുടിയ്ക്ക് ഏൽക്കുന്ന കേടുപാടുകളെ മാറ്റാനും ബദാം നല്ലതാണ്. നാച്യുറൽ ആൻ്റി ഓക്സിഡൻ്റായ വൈറ്റമിൻ ഇയും ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
മുടികൊഴിച്ചിലും മുടി അഴകും വർധിപ്പിക്കാൻ വളരെ നല്ലതാണ് കറുത്ത എള്ള്. പവർഫുൾ ആൻ്റി ഓക്സിഡൻ്റാണ് കറുത്ത എള്ളിലുള്ളത്. ഇതിലെ ആൻ്റി ഫംഗൽ ഗുണങ്ങൾ മുടി അമിതമായി കൊഴിയുന്നതും കട്ടി കുറഞ്ഞ് പോകുന്നതും ഇല്ലാതാക്കാൻ സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങളെ അകറ്റാനും നല്ലതാണ് കറുത്ത എള്ള്.
ആരോഗ്യത്തിന് വളരെ നല്ലതാണ് മത്തങ്ങ വിത്തുകൾ. അതുപോലെ മുടി വളർത്താനും ഇത് ഏറെ സഹായിക്കും.
ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, വൈറ്റമിൻ ഇ, എ, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ, വിലയേറിയ അവശ്യ ഫാറ്റി ആസിഡുകൾ (ഇഎഫ്എ) എന്നിവയുൾപ്പെടെ തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും മത്തങ്ങയുടെ സത്തിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കുറവ് മൂലമുള്ള മുടി കൊഴിച്ചിലിനെതിരെ ഒരു സംരക്ഷണ വലയമാണ് മത്തങ്ങ വിത്തുകൾ. മത്തങ്ങയുടെ സത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, ലിനോലെയിക് എന്നീ ആൻ്റിഓക്‌സിഡൻ്റുകൾ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുകയും ഓക്സിഡേഷൻ കുറയ്ക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആദ്യം തന്നെ ഫ്ലാക്സ് സീഡ്സ്, മത്തങ്ങ കുരുവും, ബദാമും, കശുവണ്ടിയും, കറുത്ത എള്ളും ഒരു പാത്രത്തിലിട്ട് ചൂടാക്കി എടുക്കുക. ഇനി ഇത് തണുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്കോ അല്ലെങ്കിൽ ബ്ലെൻഡറിലോ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. മധുരത്തിനായി പനം കൽക്കണ്ടം കൂടി ചേർത്ത് പൊടിക്കാവുന്നതാണ്. ഒരു ഗ്ലാസ് പാലിൽ രണ്ട് സ്പൂൺ ചേർത്ത് രണ്ട് ദിവസത്തിൽ ഒരിക്കൽ കുടിക്കാവുന്നതാണ്. ഈ പൊടി കാറ്റ് കയറാത്ത നല്ലൊരു എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ ഇത് ഒരു മാസം വരെ സൂക്ഷിക്കാവുന്നതാണ്.