മലയാളികളുടെ ഏത് കറികളിലും ഒഴിച്ചുകൂടാനാകാത്തതാണ് തേങ്ങ അഥവാ നാളികേരം. വറുത്തരച്ചും ചമ്മന്തിയാക്കിയും തോരനിലും എന്നുവേണ്ട ഏതു കറികളിലും തേങ്ങ ഒരല്പം ചേര്‍ത്തില്ലെങ്കില്‍ ആ കറിക്കൊരു പൂര്‍ണതയില്ലെന്നു വിശ്വസിക്കുന്നവരാണ് നമ്മള്‍. തേങ്ങ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വളരെ ചെറുതെന്നു കേള്‍ക്കുമ്പോള്‍ തോന്നുമെങ്കിലും ഈ വിദ്യകള്‍ പരീക്ഷിക്കുന്നത് വഴി നല്ല തേങ്ങ വാങ്ങിക്കുവാന്‍ സാധിക്കും.
പുറമെ പച്ചനിറം തന്നെയാണോ?
പൊതിക്കാത്ത തേങ്ങയാണ് വാങ്ങുന്നതെങ്കില്‍ പുറമെയുള്ള ഭാഗം നോക്കാം. നല്ല പച്ച നിറത്തിലുള്ള മൂത്ത തേങ്ങ ആദ്യകാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കും. ധാരാളം വെള്ളവും, മാംസളമായ ഉള്‍ക്കാമ്പും ഈ തേങ്ങയിലുണ്ടാകും. തവിട്ടു നിറമാണെങ്കില്‍ ചിലപ്പോള്‍ വാടിയതോ മൂക്കാത്തതോ ആകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ളവ ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
രൂപം നോക്കാം
ഒരു തേങ്ങ വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ രൂപം തന്നെയാണ്. നല്ലതു പോലെ ഉരുണ്ട തേങ്ങയില്‍ വെള്ളം കൂടുതലായിരിക്കും. എന്നാല്‍ കുറച്ചൊന്നു വീതികൂടിയതു പോലെ ഇരിക്കുന്ന തേങ്ങകള്‍ നല്ലതുപോലെ മൂത്തതായിരിക്കും. ഇവയില്‍ വെള്ളവും കുറവായിരിക്കും. കറികളില്‍ അരയ്ക്കാന്‍ ഈ തേങ്ങയാണ് ഏറ്റവും നല്ലത്.
തേങ്ങ കുലുക്കി നോക്കാം
തേങ്ങ കുലുക്കി നോക്കാതെ വാങ്ങുകയേ ചെയ്യരുത്. കരിക്കാണോ മൂത്തതാണോ ചീത്തയാണോ എന്നെല്ലാം അറിയാന്‍ ഇങ്ങനെ ചെയ്തു നോക്കിയാല്‍ മനസിലാകും. ചെവിയ്ക്കു സമീപം പിടിച്ചു കുലുക്കി നോക്കുമ്പോള്‍ അകത്തുള്ള വെള്ളത്തിന്റെ ശബ്ദം കേട്ടാല്‍ തേങ്ങ നല്ലതാണെന്നു മനസിലാക്കാം. എന്നാല്‍ കരിക്കില്‍ നിറയെ വെള്ളം ഉള്ളത് കൊണ്ടുതന്നെ ഇത്തരത്തില്‍ കുലുക്കുമ്പോള്‍ ശബ്ദം കേള്‍ക്കാന്‍ സാധ്യതയില്ലെന്ന് മാത്രമല്ല, ഭാരവും കൂടുതലായിരിക്കും. നല്ലതുപോലെ മൂത്ത, വിളഞ്ഞ തേങ്ങയാണ് ആവശ്യമെങ്കില്‍ കുലുങ്ങുന്ന തേങ്ങ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം.
ഭാരം കൂടുതലോ കുറവോ
തേങ്ങ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം അതിന്റെ ഭാരമാണ്. അധികം, മൂപ്പെത്താത്തതാണെങ്കില്‍ അവയ്ക്ക് ഭാരം കൂടുതലായിരിക്കും. ധാരാളം വെള്ളവും ഇതിനകത്തുണ്ടാകും. അതേ സമയം ഭാരം ഒട്ടുമില്ലാത്തതും വാങ്ങരുത്. അവ ചിലപ്പോള്‍ നല്ലതാകാന്‍ വഴിയില്ല. കുറച്ചു ഭാരമുള്ള, കുലുക്കി നോക്കുമ്പോള്‍ വെള്ളത്തിന്റെ ശബ്ദം കേള്‍ക്കുന്നവ വാങ്ങാം.
അടയാളങ്ങളോ പാടുകളോ ഉണ്ടോ
തേങ്ങയുടെ മുകളിലും താഴെയും കറുത്ത കുത്തുകളോ പാടുകളോ ഉണ്ടോയെന്നു നോക്കാന്‍ മറക്കണ്ട. അത്തരത്തില്‍ പാടുകള്‍ ഉണ്ടെങ്കില്‍ അത് നല്ലതാകാന്‍ സാധ്യതയില്ല. അതുപോലെ തന്നെ മണത്തു നോക്കുമ്പോള്‍ ചീത്ത മണമാണെങ്കില്‍ അങ്ങനെയുള്ളവയും വാങ്ങാതിരിക്കുന്നതാണ് നല്ലത്.