മുഖക്കുരുവിൻ്റെ പ്രശ്നങ്ങളെ ശരിയായ പരിചരിച്ചില്ലെങ്കിൽ ഒരുപക്ഷെ മുഖത്ത് മുഴുവൻ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ മുഖക്കുരുവിനെ വീട്ടിൽ തന്നെ ഹോം റെമഡീസ് ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. ഒരുപാട് മുഖക്കുരു ഉള്ളവർ ഡോക്ടറുടെ സഹായം തേടാൻ മറക്കരുത്.
മുഖക്കുരു മാറ്റാൻ ഒരു നാച്യുറൽ ഐസ് ക്യൂബ് ഉണ്ടാക്കാം
മുഖത്ത് വലിയ വലുപ്പത്തിൽ മുഖക്കുരു ഉണ്ടാകുന്നത് പലരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. കണ്ണാടി നോക്കുമ്പോൾ തന്നെ ഇത് പറഞ്ഞ് സങ്കടപ്പെടാറുണ്ട് പലരും. പല കാരണങ്ങൾ കൊണ്ട് മുഖക്കുരു ഉണ്ടാകാം. ഹോർമോൺ വ്യതിയാനം, അമിതമായ എണ്ണ ഉപയോഗം, ഭക്ഷണശൈലി, ജീവിതശൈലി എന്നിവയൊക്കെ മുഖത്ത് കുരു വരാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ്. ശരിയായ പരിചരണം നൽകിയില്ലെങ്കിൽ പലപ്പോഴും ഈ കുരു വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മുഖക്കുരുവിനെ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സുഷിരങ്ങളിൽ എണ്ണ അടിഞ്ഞ് കൂടിയാണ് മുഖക്കുരു ഉണ്ടാകുന്നത്. ടീനേജേഴ്സാണ് പൊതുവെ ഈ പ്രശ്നം നേരിടുന്നത്.
കടലമാവ്
ചർമ്മത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ കടലമാവിന് കഴിയാറുണ്ട്. ചർമ്മത്തെ ആഴത്തിൽ ക്ലെൻസ് ചെയ്ത് മൃതകോശങ്ങളെ പുറന്തള്ളാൻ ഇത് ഏറെ സഹായിക്കും. അമിതമായ എണ്ണമയം കളയാനും മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തെ വീണ്ടെടുക്കാനും കടലമാവ് ഏറെ സഹായിക്കാറുണ്ട്. ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്ത് തിളക്കം കൂട്ടാൻ കടലമാവ് വളരെയധികം സഹായിക്കും. കാലങ്ങളായി ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാനും കടലമാവ് നല്ലതാണ്. ചർമ്മത്തിൽ മുഴുവൻ ഒരേ നിറം നൽകാനും ഭംഗി കൂട്ടാനും കടലമാവ് വളരെ മികച്ചതാണ്.
റോസ് വാട്ടർ
ചർമ്മത്തിൽ നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കാൻ റോസ് വാട്ടറിന് കഴിയും. ഏത് ചർമ്മകാർക്കും അനുയോജ്യമാണ് റോസ് വാട്ടർ. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ എളുപ്പത്തിൽ തടയാൻ ഇത് സഹായിക്കാറുണ്ട്. ചർമ്മത്തെ ടൈറ്റ് ചെയ്ത് അയഞ്ഞ് തൂങ്ങി പോകാതിരിക്കാൻ നല്ലതാണ് റോസ് വാട്ടർ. സുഷിരങ്ങളിലെയും മറ്റും അഴുക്കിനെ പുറന്തള്ളാൻ വളരെ മികച്ചതാണ് റോസ് വാട്ടർ. ഇതിലൂടെ മുഖക്കുരു പ്രശ്നം തടയാനും റോസ് വാട്ടർ സഹായിക്കാറുണ്ട്.
ഓറഞ്ച് തൊലി
ചർമ്മത്തിൽ പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ ഓറഞ്ച് തൊലിയ്ക്ക് കഴിയാറുണ്ട്. ചർമ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാൻ ഏറെ മികച്ചതാണ് ഓറഞ്ച് തൊലി. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചർമ്മത്തിൽ മുഖക്കുരു, ചർമ്മത്തിലെ പാടുകൾ, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ നല്ലതാണ്. സുഷിരങ്ങളെ വ്യത്തിയാക്കി മുഖക്കുരുവിനെ കാരണമാകുന്ന ബാക്ടീരിയകളെ പാടെ ഇല്ലാതാക്കാൻ ഓറഞ്ച് തൊലിയ്ക്ക് കഴിയാറുണ്ട്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ്.
ഐസ് ക്യൂബ് തയാറാക്കാൻ
ഇതിനായി ഒരു ചെറിയ പാത്രത്തിൽ കടലമാവ്, ഓറഞ്ച് തൊലിയുടെ പൊടി അൽപ്പം മഞ്ഞൾ, കുറച്ച് റോസ് വാട്ടർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച ശേഷം ഈ മിശ്രിതം ഐസ് ക്യൂബ് ഉണ്ടാക്കുന്ന ട്രേയിലേക്ക് മാറ്റി വയ്ക്കുക. ഇനി ഇത് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിക്കുക. റോസ് വാട്ടർ ഇല്ലാത്തവർക്ക് സാധാരണ വെള്ളം ഉപയോഗിച്ചും ഇത് തയാറാക്കാവുന്നതാണ്. എന്നും രാവിലെ ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.