വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ മാത്രം മാത്രം ഉപയോഗിച്ചാൽ കൺപ്പീലികൾ എളുപ്പത്തിൽ വളർത്തിയെടുക്കാം. കറ്റാർവാഴ, വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിങ്ങനെ വളരെ ചെറിയ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
കൺപ്പീലി എളുപ്പത്തിൽ വളർത്താൻ ചില പൊടിക്കൈകൾ ഇതാ
മുഖത്തിൻ്റെ ഭംഗി കണ്ണിന് മാത്രമല്ല കൺ പീലിക്കുമുണ്ട്. നല്ല നീളവും ഭംഗിയുമുള്ള കൺ പീലി വേണമെന്ന് എല്ലാ പെൺകുട്ടികൾക്കും ആഗ്രഹമുണ്ട്. എന്നാൽ ചിലരുടെ കൺപ്പീലി പലപ്പോഴും കട്ടി കുറഞ്ഞതായിരിക്കും. പൊതുവെ മസ്കാരയും അതുപോലെ ഐ ലാഷുമൊക്കെ വച്ചാണ് പലരും പല പരിപാടിക്കും പോകുന്നത്. എന്നാൽ കൺപ്പീലികൾ വളർത്താൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്. ഐ ലാഷസ് ഉപയോഗിക്കുന്നതിന് പകരം എളുപ്പത്തിൽ കൺപ്പീലി വളർത്താൻ ചില പൊടിക്കൈകൾ ചെയ്യാം.
കറ്റാർവാഴ ജെൽ
ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കറ്റാർവാഴയിലുണ്ട്. മുടിക്കും കറ്റാർവാഴ ഏറെ നല്ലതാണ്. ഇതിലെ എൻസൈമുകളും മറ്റ് പോഷകങ്ങളും മുടി പോകുന്നത് തടയാൻ വളരെയധികം സഹായിക്കുന്നതാണ്. കറ്റാർവാഴയുടെ ജെൽ എടുത്ത് നന്നായി ഉടച്ച ശേഷം കൈവിരലുകൾ ഉപയോഗിച്ച് കൺപ്പീലികൾ തേച്ച് പിടിപ്പിക്കാം. രാത്രിയിൽ കിടക്കുമ്പോൾ ഇത് തേച്ച് കിടന്ന ശേഷം രാവിലെ ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്. തണുത്ത വെള്ളത്തിൽ വേണം കഴുകി കളയാൻ.
വെളിച്ചെണ്ണ
മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. കൺപ്പീലികളെ ആരോഗ്യത്തോടെ വയ്ക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയാറുണ്ട്. മുടിയിഴകളിൽ നിന്ന് പ്രോട്ടീൻ നഷട്മാകുന്നത് ഇല്ലാതാക്കാൻ വെളിച്ചെണ്ണ ഏറെ സഹായിക്കും. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി അതിലേക്ക് മുക്കി കൺപ്പീലികളിൽ തേയ്ക്കുക. കണ്ണിന് ഉള്ളിലേക്ക് എണ്ണ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ശേഷം അടുത്ത ദിവസം രാവിലെ ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.
ആവണക്കെണ്ണ
മുടി വളർത്താൻ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ഇതിൽ അടങ്ങിയിരിക്കുന്ന റിസിനോലിക് ആസിഡിന് ആൻ്റി ഇന്‍ഫ്‌ളമേറ്ററി, ആൻ്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കൺപ്പീലികൾ വളർത്തിയെടുക്കാൻ ഇത് ഏറെ മികച്ചതാണ്. 1 ടേബിൾ സ്പൂൺ ആവണക്കെണ്ണ കൺപ്പീലികളിൽ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയാവുന്നതാണ്. ഒന്നിലധികം ദിവസം ഇത് കണ്ണിൽ വയ്ക്കാൻ പാടില്ല.
ഗ്രീൻ ടീ
ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഗ്രീൻ ടീ വളരെ മികച്ചതാണ്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ മുടി വളർത്താൻ വളരെയധികം സഹായിക്കാറുണ്ട്. ഒരു ഗ്രീൻ ടീ ബാഗ് നല്ല ചൂട് വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് വയ്ക്കുക. ഗ്രീൻ ടീയുടെ സത്ത് മുഴുവൻ അതിൽ ഇറങ്ങി കഴിയുമ്പോൾ ബാഗ് എടുത്ത് മാറ്റാം. വെള്ളം തണുത്ത ശേഷം അത് വ്യത്തിയുള്ള കൈകൾ ഉപയോഗിച്ചോ അല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ചോ കണ്ണിൽ വയ്ക്കാം. അടുത്ത ദിവസം കഴുകി വ്യത്തിയാക്കാൻ മറക്കരുത്.