അരിയും പയറുകളും നശിപ്പിക്കുന്നവ പ്രാണികളെ തുരത്താന്‍ ഇതാ എളുപ്പവഴി……

Advertisement

നമ്മുടെ വീടുകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള പയര്‍, പരിപ്പ്, കടല, അരി എന്നിവ പഴകും തോറും ചിലപ്പോള്‍ ചെറിയ പ്രാണികള്‍ കയറാനുള്ള സാധ്യതയുണ്ട്. കടലയും പരിപ്പുമൊന്നും ഉപയോഗിക്കാന്‍ കഴിയാത്ത പോലെ ഇവയുടെ ശല്യമുണ്ടാകും. എങ്ങനെ ഈ പ്രാണികളെ തുരത്താമെന്നു ചിന്തിച്ചിട്ടുണ്ടോ? അതിനു ചില എളുപ്പ വഴികളുണ്ട്.
അരിയും ധാന്യങ്ങളും ഇട്ടുവയ്ക്കുന്ന പാത്രം നല്ലതുപോലെ കഴുകി വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. ജലാംശം ഒട്ടും തന്നെയും പാടില്ല. ആ പാത്രത്തിന്റെ അടിഭാഗത്തായി ഒരു പേപ്പര്‍ മടക്കി വെയ്ക്കാം. ജലാംശം ഉണ്ടെങ്കില്‍ പേപ്പര്‍ അത് വലിച്ചെടുത്തുകൊള്ളും. മുകളിലായി അരി അല്ലെങ്കില്‍ ധാന്യങ്ങള്‍ ഇട്ടുകൊടുക്കണം. അതിനുശേഷം മുകളിലായി വീണ്ടും പേപ്പര്‍ മടക്കിവെയ്ക്കാം. പാത്രം നല്ലതുപോലെ അടച്ചു വയ്ക്കുക കൂടി ചെയ്താല്‍ പ്രാണികള്‍ കയറാതെയിരിക്കും.
അരി, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ നാളുകള്‍ പ്രാണികളുടെ ശല്യമില്ലാതെയിരിക്കാന്‍ പരീക്ഷിക്കാവുന്ന മറ്റൊരു വഴിയാണ് ഒട്ടും തന്നെയും ജലാംശമില്ലാത്ത പാത്രത്തില്‍ അരിയോ ധാന്യങ്ങളോ കുറച്ചു ഇട്ടതിനു ശേഷം കുറച്ച് ഗ്രാമ്പു നൂലില്‍ കെട്ടി ഇട്ടുകൊടുക്കണം. അതിനു മുകളിലായി വീണ്ടും അരിയിടാം. ഗ്രാമ്പുവും ഇട്ടു കൊടുക്കാം. ലെയറുകളായി ഇങ്ങനെ ചെയ്യണം. പ്രാണികള്‍ അരിയുടെയോ ധാന്യങ്ങളുടേയൊ സമീപത്തേയ്ക്ക് വരുകയില്ല. വെളുത്തുള്ളിയ്ക്കും പ്രാണികളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അരിയോ ധാന്യങ്ങളോ ഇട്ടുവെയ്ക്കുന്ന പാത്രത്തില്‍ ഒരു കുടം വെളുത്തുള്ളി കൂടി അവയ്ക്കൊപ്പം ഇട്ടുവെയ്ക്കണം. ഇങ്ങനെ ചെയ്താലും പ്രാണികളുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാം.


ഒരു പാത്രത്തില്‍ അരിയോ ധാന്യങ്ങളോ ഇട്ടതിനുശേഷം ആര്യവേപ്പിന്റെ തണ്ട് വച്ച് കൊടുക്കണം. അതിനു മുകളിലായി വീണ്ടും അരിയോ ധാന്യങ്ങളോ ഇടാവുന്നതാണ്. ഇങ്ങനെ ചെയ്താലും പാത്രത്തില്‍ പ്രാണികള്‍ കയറുകയില്ല. കുറെ നാളുകള്‍ പ്രാണികളുടെ ശല്യമില്ലാതെ അരിയും ധാന്യങ്ങളും സംഭരിക്കണമെങ്കില്‍ പരീക്ഷിക്കാവുന്ന മറ്റൊരു വഴിയുണ്ട്. അതിനാവശ്യം മൂന്നോ നാലോ വറ്റല്‍ മുളക് മാത്രമാണ്. അരിയോ ധാന്യങ്ങളോ ഇട്ട പാത്രത്തിലേക്ക് വറ്റല്‍ മുളക് ഇട്ടു കൊടുക്കാം. രണ്ട് കിലോ അരിയ്ക്കു രണ്ടോ മൂന്നോ വറ്റല്‍ മുളക് എന്ന കണക്കില്‍ ചേര്‍ത്താല്‍ മതിയാകും. ഇങ്ങനെ മുളക് ചേര്‍ത്തതിന് മുകളിലേക്ക് വീണ്ടും അരിയിട്ടു കൊടുക്കാം. അതിനു ശേഷം പാത്രം നല്ലതുപോലെ അടച്ച് സൂക്ഷിക്കാവുന്നതാണ്. മഞ്ഞളിനും ചെറുപ്രാണികളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉണക്കിയ മഞ്ഞളും മേല്പറഞ്ഞതു പോലെ തന്നെ അരിയുടെയോ ധാന്യങ്ങളുടെയോ കൂടെ ഇട്ടതിനുശേഷം പാത്രം അടച്ചു സൂക്ഷിക്കാവുന്നതാണ്. പ്രാണികളുടെ ശല്യമുണ്ടാകുകയില്ല.
പ്രാണികള്‍ അരിയിലോ ധാന്യത്തിലോ കയറിയാല്‍ നമ്മള്‍ ആദ്യം തന്നെ ചെയ്യുന്നത് ഇവ നല്ല വെയിലത്ത് വയ്ക്കുക എന്നതാണ്. വെയിലത്ത് വച്ചതിനു ശേഷം പ്രാണികള്‍ പോയില്ലെങ്കില്‍ പരീക്ഷിക്കാവുന്ന ഒരു വിദ്യയുണ്ട്. മൂന്നോ നാല് തണ്ട് ആര്യവേപ്പില. അഞ്ചോ ആറോ അല്ലി വെളുത്തുള്ളി, കുറച്ചു കുരുമുളക്, ഗ്രാമ്പൂ എന്നിവ ഒരു മിക്സിയുടെ ജാറിലേയ്ക്കിട്ടു, അല്പം പോലും വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം. വെളുത്തുള്ളിയുടെ തൊലി കളയേണ്ട കാര്യമില്ല. ഇങ്ങനെ അരച്ചെടുത്തതു ചെറിയ ഉരുളകളാക്കി വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. ഈ കൂട്ട് ഒരു വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ കെട്ടി അരിയിലോ ധാന്യങ്ങളിലോ വെച്ച് കൊടുക്കാം. കുറെ നാളുകള്‍ അരിയും ധാന്യങ്ങളും കേടുകൂടാതെ ഇരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here