ഏറെ ഗുണങ്ങളുള്ള പച്ചക്കറികളിലൊന്നാണ് പാവയ്ക്കാ. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പ് കാരണം മിക്കവര്‍ക്കും അത്ര പ്രിയമല്ല. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പ് അകറ്റാന്‍ ചില എളുപ്പ പണികള്‍ ഉണ്ട്. എങ്ങനെയെന്ന് നോക്കാം.
തൊലി ചുരണ്ടി കളയാം: പാവയ്ക്കയുടെ പരുക്കന്‍ മേല്‍ഭാഗമാണ് കയ്പിന്റെ പ്രധാന ഉറവിടം. ആ മേല്‍ഭാഗം ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി കളയാം. പാവയ്ക്കയുടെ കയ്പ്പ് നല്ലതുപോലെ കുറഞ്ഞു കിട്ടും. ഒരു പീലര്‍ ഉപയോഗിച്ച് ചുരണ്ടി കളയുകയാണെങ്കില്‍ പാവയ്ക്കയുടെ പുറംഭാഗം കാഴ്ചയില്‍ ഒരുപോലെയായി കിട്ടും.
ശര്‍ക്കര ചേര്‍ക്കാം : പാവയ്ക്ക പൊതുവെ തേങ്ങ വറുത്തരച്ച് തീയല്‍ വെയ്ക്കുകയാണ് നമ്മുടെ പതിവ്. അങ്ങനെ ചെയ്യുമ്പോള്‍ കയ്പ്പ് കൂടുതലാണെങ്കില്‍ കുറച്ചു ശര്‍ക്കര ചേര്‍ത്താല്‍ മതിയാകും. പാവയ്ക്കയുടെ കയ്പിനെ നല്ലതുപോലെ പ്രതിരോധിക്കും ശര്‍ക്കരയുടെ മധുരം.
എണ്ണയില്‍ വറുത്തെടുക്കാം: പാവയ്ക്ക വറുത്തും കടലമാവില്‍ മുക്കി പൊരിച്ചുമൊക്കെ ഉപയോഗിക്കാറുണ്ട്. എണ്ണയില്‍ നല്ലതു പോലെ വറുത്തെടുത്താല്‍ പാവയ്ക്കയുടെ കയ്പ് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
കുരു ഒഴിവാക്കണം: പാവയ്ക്ക തോരനോ മെഴുക്ക് പുരട്ടിയോ എന്ത് തയാറാക്കുമ്പോഴും അതിനകത്തുള്ള കുരുക്കള്‍ പൂര്‍ണമായും നീക്കം ചെയ്യണം. നല്ലതു പോലെ മൂത്ത കുരുക്കളാണെങ്കില്‍ മുളപ്പിച്ചു പാവല്‍ തൈകള്‍ ഉല്‍പാദിപ്പിക്കാം.
ഉപ്പ് ചേര്‍ക്കാം, കയ്പ് കുറയ്ക്കാം: പാവയ്ക്കയില്‍ ഉപ്പ് പുരട്ടി വെയ്ക്കുന്നത് കയ്പ് കുറയ്ക്കാന്‍ സഹായിക്കും. ഉള്ളിലെ കുരുക്കളും പുറത്തെ പരുക്കന്‍ പ്രതലവും കളഞ്ഞതിനു ശേഷം ഉപ്പ് പുരട്ടി നല്ലതു പോലെ തിരുമ്മി വെയ്ക്കണം. മുപ്പതു മിനിറ്റ് ഇത് മാറ്റിവച്ചതിനു ശേഷം ഉപ്പ് കഴുകി കളയാം. ജലാംശം പൂര്‍ണമായും മാറിക്കഴിയുമ്പോള്‍ എന്ത് കറിയാണോ തയാറാക്കുന്നത് അതിനുള്ള രീതിയില്‍ അരിഞ്ഞെടുക്കാം.
പഞ്ചസാരയും വിനാഗിരിയും; കയ്പ് ഉറപ്പായും കുറയും: ഒരു ബൗളില്‍ അര കപ്പ് വെള്ളവും അത്രയും തന്നെ വിനാഗിരിയും എടുക്കുക. രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഈ ലായനിയില്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്തതിനു ശേഷം അരിഞ്ഞു വെച്ച പാവയ്ക്ക ഇതിലേയ്ക്കിടാം. ഇരുപതു മുതല്‍ മുപ്പതു മിനിറ്റ് വരെ കുതിര്‍ത്തു വെച്ചതിനു ശേഷം പാവയ്ക്ക ഒരു അരിപ്പയിലേക്കിട്ടു പച്ചവെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം. ഇനി പാകം ചെയ്യാവുന്നതാണ്. കയ്പ് നല്ലതുപോലെ കുറയും.
തിളപ്പിച്ച് എടുക്കാം: രണ്ടോ മൂന്നോ കപ്പ് വെള്ളമെടുത്തു നല്ലതുപോലെ തിളപ്പിക്കണം.അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ക്കാന്‍ മറക്കരുത്. നന്നായി വെട്ടി തിളയ്ക്കുന്ന ഈ വെള്ളത്തിലേയ്ക്ക് പാവയ്ക്ക ഇട്ടുകൊടുക്കാം. ശേഷം തീ കൂട്ടി തന്നെ രണ്ടു മിനിറ്റ് നേരം തിളപ്പിച്ചെടുക്കണം. തിളച്ച വെള്ളത്തില്‍ നിന്നും കോരിയെടുത്ത പാവയ്ക്ക തണുത്ത വെള്ളത്തില്‍ രണ്ടു മിനിറ്റ് നേരം മുക്കിവെച്ചതിനു ശേഷം വെള്ളം നല്ലതുപോലെ വാര്‍ന്നു പോകുന്നതിനായി ഒരു അരിപ്പയിലേയ്ക്കിടാം. ഇനി കറി തയാറാക്കാം. കയ്പ് കുറവായിരിക്കും.