ഇലക്ട്രിക്ക് കെറ്റില്‍ കേടാകാതിരിക്കും…. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ….

Advertisement

അടുക്കളകളില്‍ വെള്ളം ചൂടാക്കാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് കെറ്റില്‍. ചില ആളുകള്‍ മുട്ട പുഴുങ്ങാനും നൂഡില്‍ഡ് ഉണ്ടാക്കാനുമൊക്കെ ഇലക്ട്രിക്ക് കെറ്റില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ വയറ്റിനകത്തേക്ക് അണുക്കള്‍ പ്രവേശിക്കുകയും അതുവഴി പല അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇടയാകുകയും ചെയ്യും. മാത്രമല്ല കെറ്റില്‍ പെട്ടെന്ന് കേടാകാനും ഇത് കാരണമാകും. അതിനാല്‍ കെറ്റില്‍ കേടുകൂടാതെ ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം പൂര്‍ണമായി നിറയ്ക്കരുത്
വെള്ളം തിളപ്പിക്കാനായി കെറ്റില്‍ ഉപയോഗിക്കുമ്പോള്‍ പൂര്‍ണമായി നിറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം വെള്ളം തിളയ്ക്കുന്ന സമയത്ത് ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മെഷീനില്‍ പ്രവേശിക്കുകയും കെറ്റിലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ യൂസര്‍ മനുവലില്‍ നല്‍കിയിരിക്കുന്ന വെള്ളത്തിന്റെ അളവ് പാലിച്ച് മാത്രം ഉപയോഗിക്കുക. കെറ്റില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും.

വെള്ളം സൂക്ഷിക്കാതിരിക്കുക

ചില ആളുകള്‍ വെള്ളം തിളപ്പിച്ച് കഴിഞ്ഞ് കെറ്റിലില്‍ തന്നെ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കെറ്റിലിന്റെ അകത്ത് വെളുത്ത ചോക്കി പാളി ഉണ്ടാക്കും. ഇത് കെറ്റില്‍ പെട്ടെന്ന് കേടാകാനും പ്രവര്‍ത്തനക്ഷമത ക്രമേണ കുറയാനും ഇടയാക്കും. അതിനാല്‍ വെള്ളം ചൂടാക്കിയ ശേഷം മറ്റ് പാത്രത്തിലേക്ക് മാറ്റാന്‍ ശ്രദ്ധിക്കുക. കെറ്റില്‍ ശൂന്യമായി സൂക്ഷിക്കുന്നതാണ് നല്ലത്.

വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

കെറ്റില്‍ വൃത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ പത്രങ്ങള്‍ വൃത്തിയാക്കുന്നതു പോലെയല്ല കെറ്റില്‍ വൃത്തിയാക്കേണ്ടത്. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയാലും കെറ്റിലിനുള്ളിലെ അണുക്കള്‍ പൂര്‍ണമായി നശിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ കെറ്റിലിന്റെ പകുതിയോളം വെള്ളവും വിനാഗിരിയും തുല്യ അളവില്‍ എടുത്ത ശേഷം തിളപ്പിക്കുക. ശേഷം സ്വിച്ച് ഓഫ് ചെയ്ത് അരമണിക്കൂര്‍ മാറ്റിവയ്ക്കുക. പിന്നീട് ഒരു സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. അതേസമയം കെറ്റിലിന്റെ പുറം ഭാഗം ടാപ്പിനടിയില്‍ വച്ച് കഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം. പകരം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കാം. ഇത് മെഷീനില്‍ വെള്ളം കയറാതിരിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: വിപണിയില്‍ പലതരം കെറ്റിലുകള്‍ ലഭ്യമാണ്. എന്നാല്‍ ചില കെറ്റിലുകള്‍ വെള്ളം ചൂടാക്കാനോ പാല്‍ തിളപ്പിക്കാനോ മാത്രം രൂപകല്‍പന ചെയ്തിട്ടുള്ളവയായിരിക്കും. അതിനാല്‍ യൂസര്‍ മനുവലില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇത് കെറ്റിലിന്റെ ആയുസ് കൂട്ടാന്‍ സഹായിക്കും.