ചായപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ…. എളുപ്പം കണ്ടെത്താം….

Advertisement

ദിവസേന കുടിക്കുന്ന ചായപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ…. എളുപ്പത്തിലുള്ള ചില പരിശോധനകള്‍ വഴി ചായപ്പൊടിയിലെ മായം നമുക്ക് വളരെവേഗം കണ്ടെത്താനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം….

ലിറ്റ്മസ് ടെസ്റ്റ്
ഒരു ലിറ്റ്മസ് പേപ്പറില്‍ (കടയില്‍ എളുപ്പം വാങ്ങാന്‍ കിട്ടും) കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍ കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ നേരത്തെ ഈയൊരു പരിശോധനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

നിറം നോക്കി മായം കണ്ടെത്താം
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.
ഇതേപോലെ ഒരു ഗ്ലാസില്‍ വെള്ളം നിറച്ച ശേഷം അതില്‍ തേയില ചെറുതായി ഇടുക. കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിറം വെള്ളത്തിനു മുകളില്‍ നില്‍ക്കും, തുടര്‍ന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. പച്ചവെള്ളത്തില്‍ തേയില ചേര്‍ക്കുമ്പോള്‍ നിറം പെട്ടെന്ന് പടരുന്നുണ്ടെങ്കിലും തേയിലയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ശാസ്ത്രീയ പരിശോധന
മുകളില്‍ പറഞ്ഞവയെല്ലാം ചായപ്പൊടിയില്‍ മായമുണ്ടോയെന്ന് മനസ്സിലാക്കാനുള്ള പ്രാഥമിക പരിശോധനകളാണ്. ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ ഏത് രാസവസ്തു, എത്ര അളവില്‍ കലര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അതിനായി ലബോറട്ടറികളെ ആശ്രയിക്കാം.
മായമുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കുക. അല്ലെങ്കില്‍ 0471 2322833 എന്ന നമ്പറിലും വിളിക്കാം.
സണ്‍സെറ്റ് യെല്ലോ, ടട്രാസിന്‍, കാര്‍മോസിന്‍, ബ്രില്ല്യന്റ് ബ്ലൂ, ഇന്‍ഡിഗോ കാരമൈന്‍ എന്നീ രാസവസ്തുക്കള്‍ ചേര്‍ത്തു നിര്‍മിക്കുന്ന ചോക്ലേറ്റ് ബ്രൗണ്‍ എന്ന കൃത്രിമ നിറമാണ് വ്യാജമായി നിര്‍മിക്കുന്ന ചായപ്പൊടിക്ക് നിറം നല്‍കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. തേയില ഫാക്ടറികളില്‍ നിന്ന് ഉപേക്ഷിക്കുന്ന വിലകുറഞ്ഞ തേയിലയും ചായക്കടകളില്‍ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേര്‍ത്ത് ആദ്യം ഉണക്കിയെടുക്കും. ഇതില്‍ കൃത്രിമ നിറം ചേര്‍ക്കും. ഒപ്പം മണവും രുചിയും വരാന്‍ കാരമല്‍ എന്ന രാസവസ്തുവും ചേര്‍ക്കും. ഇങ്ങനെയാണ് കടുപ്പമുള്ള ചായപ്പൊടി വ്യാജമായി നിര്‍മിച്ചെടുക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here