ശൈത്യകാലത്ത് മുടി സംരക്ഷണം ; ഈ മൂന്ന് ഹെയർ പാക്കുകൾ ഉപയോ​ഗിച്ചോളൂ

Advertisement

ശൈത്യകാലത്ത് ചർമ്മം പോലെ തന്നെ മുടിയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടാം. വിലകൂടിയ എണ്ണകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, ഹെയർ സെറം എന്നിവ ഉപയോ​ഗിച്ചിച്ചും മുടികൊഴിച്ചിൽ അങ്ങനെ തന്നെ തുടരുന്നുണ്ടാകും. ശൈത്യകാലത്തെ താരൻ, മുടി പൊട്ടൽ എന്നിവ പരിഹരിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില പ്രകൃത്തിദത്ത മാർ​ഗങ്ങൾ.

കറ്റാർവാഴ

തലയോട്ടിയിലെ വരൾച്ചയും മുടി പൊട്ടുന്നത് തടയാനും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന എൻസൈമുകളും കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടുക.15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ തല കഴുകുക.

കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവൻ നേരം ഇട്ട ശേഷം രാവിലെ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് ഈർപ്പം കൂട്ടാനും താരൻ നിയന്ത്രിക്കാനും സഹായിക്കും.

ആര്യവേപ്പില

ആര്യവേപ്പിലയിൽ ആന്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് താരൻ, തലയോട്ടിയിലെ അണുബാധകൾ എന്നിവ തടയുന്നു. ആര്യവേപ്പില നന്നായി പേസ്റ്റാക്കിയ ശേഷം തലയോട്ടിയിൽ പുരട്ടുക. ശേഷം മൃദുവായി മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.

ഉലുവ

ഉലുവയാണ് മറ്റൊരു പ്രതിവിധി. ഉലുവയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു. ഉലുവ ഹെയർ പാക്ക് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഉലുവ അൽപം നേരം കുതിരാൻ വെള്ളത്തിലിട്ട് വയ്ക്കുക. കുതിർന്ന ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം ഉലുവ പേസ്റ്റ് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് തലയിൽ കഴുകുക.