വീടിനൊരു മേക്ക് ഓവർ ആഗ്രഹിക്കുന്നുണ്ടോ? അറിയാം മോടി കൂട്ടുന്ന ഈ 8 എളുപ്പ വഴികൾ!

Advertisement

മലയാളിയെ സംബന്ധിച്ച് വീട് ഏറെ ഗൃഹാതുരത്വമുണ്ടാക്കുന്ന ഇടമാണ്. ചെറിയ വീടാണെങ്കിലും അതിനെ മനോഹരമാക്കി, മോടി കൂട്ടി കൊണ്ടുപോകുന്നതാണ് മലയാളിക്കിഷ്ടം. പുതുമയുള്ള മാറ്റങ്ങൾ വരുത്തി എപ്പോഴും പോസിറ്റീവ് വൈബിൽ വീടിനെ അണിയിച്ചൊരുക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് നമ്മൾ. ചുറ്റുമുള്ള അന്തരീക്ഷം നമ്മുടെ മാനസിക-ശാരീരിക ആരോഗ്യത്തെ അറിഞ്ഞോ അറിയാതെയോ ബാധിക്കാറുണ്ട്. വീടിനുള്ളിൽ കയറുമ്പോൾ ഉന്മേഷം ലഭിക്കുന്നതിന് ഇന്‍റീരിയറിലും എക്സ്റ്റീരിയറിലുമൊക്കെ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾകൊണ്ട് സാധിക്കും.

ചിലപ്പോഴൊക്കെ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ട് തന്നെ വീടിനുള്ളിൽ മറ്റൊരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അത് വില കൂടിയതോ അല്ലെങ്കിൽ നിങ്ങളുടെ സമയത്തെ നഷ്ടപ്പെടുത്തുന്നതോ ആയിരിക്കണമെന്നില്ല. ചെടികൾ വെക്കുക, പെയിന്റിംഗ് ചെയ്യുക തുടങ്ങി ചെറിയ തോതിലുള്ള മാറ്റങ്ങൾ പോലും നിങ്ങളുടെ വീടിനെ കൂടുതൽ സ്വീകാര്യമാക്കും. വളരെ സിമ്പിളായി വീടിനെ മോടി പിടിപ്പിക്കാൻ പറ്റുന്ന എട്ട് വഴികൾ എന്തൊക്കെയെന്ന് അറിയാം. ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ഇന്റീരിയർ ലുക്ക് തന്നെ മാറുമെന്ന് ഉറപ്പ്.

സ്ട്രിംഗ് ലൈറ്റ്സ്: നിങ്ങളുടെ മുറിക്ക് കൂടുതൽ ഭംഗി നൽകുന്ന ഒന്നാണ് ഫെയറി ലൈറ്റുകൾ. വലിയ കണ്ണാടികൊണ്ട് അതിനെ ആവരണം ചെയ്യുന്ന രീതിയിൽ ലൈറ്റ് ഇടുകയാണെങ്കിൽ മുറിക്ക് കുറച്ചധികം ഭംഗി കൂട്ടുകയും തിളക്കമുണ്ടാക്കുകയും ചെയ്യും. ഇനി കിടക്കയുടെ ഹെഡ്‍ബോർഡിന് ചുറ്റുമാണ് ഇടുന്നതെങ്കിൽ കുറച്ചുകൂടെ നല്ലതായിരിക്കും. അതിനൊപ്പം മെഴുകുതിരികളോ ചെറിയ ലൈറ്റ് കത്തുന്ന ബൾബുകളോ ടേബിളിന്റെ മുകളിൽ വെക്കുകയാണെങ്കിൽ മുറിയിൽ നമ്മുടെ മൂഡിനനുസരിച്ചുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും.

പെയിന്റിംഗ്: പെയിന്റ് ചെയ്യുന്നതിലൂടെ മുറിയെ പുതിയതായി രൂപാന്തരപ്പെടുത്താൻ സാധിക്കും. നേവി ബ്ലൂ, കടും ചുവപ്പ് തുടങ്ങിയ കടുത്ത നിറങ്ങൾ ഉപയോഗിച്ച് ചുമരുകൾ അലങ്കരിക്കാം അല്ലെങ്കിൽ മ്യുട്ടഡ് ഗോൾഡ്, സേജ് ഗ്രീൻ പോലുള്ള മൃദുവായ പേസ്റ്റൽ നിറങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരം നിറങ്ങൾ ഉപയോഗിച്ച് പെയിന്റിംഗ് ചെയ്താൽ അത് മുറിക്ക് കൂടുതൽ ഭംഗി നൽകും.

ബാത്റൂം: കുളിമുറികളിലേക്ക് പലപ്പോഴും നമ്മൾ അധികം ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ മുറികൾക്ക് നൽകുന്ന അതെ ശ്രദ്ധ കുളിമുറികളും അർഹിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. കുളിമുറിക്ക് മുന്നിലിടുന്ന തുന്നിയതും പഴയതുമായ മാറ്റുകൾ മാറ്റി മൃദുവായ മാറ്റുകൾ ഉപയോഗിക്കുക. യൂക്കാലിപ്റ്റസ്, വാനില തുടങ്ങിയ സുഗന്ധങ്ങൾ ചേർക്കുകയാണെങ്കിൽ കുറച്ചുകൂടെ നല്ലതായിരിക്കും. മെഴുകുതിരികൾ, കൃത്രിമ ചെടികൾ തുടങ്ങിയവ വെക്കുകയാണെങ്കിൽ കുളിമുറി ഒന്നുകൂടെ കാണാൻ ഭംഗി ഉള്ളതാക്കും. കടുത്ത നിറങ്ങളോ ഡിസൈനുകളോ ഉള്ള ഷവർ കർട്ടൻ കൂടെ ഉപയോഗിക്കുകയാണെങ്കിൽ കുളിമുറി ഒരു സ്പാ റിട്രീറ്റിനുള്ള സ്‌പെയ്‌സ് ആയി മാറും.

ഫർണിച്ചർ: സോഫയിൽ ഉപയോഗിക്കുന്ന തലയണകൾ, കേറാൻ ഉപയോഗിക്കുന്ന ചവിട്ടുമെത്ത തുടങ്ങിയവ മാറ്റി, പകരം വെൽവെറ്റ് പോലുള്ള മൃദുവായ സീസണൽ തുണിത്തരങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ കുറച്ചൂടെ കംഫോർട്ടും കാഴ്ചക്ക് നല്ലതുമായിരിക്കും. കാലത്തിനനുസരിച്ച് ഇതിൽ മാറ്റം വരുത്താവുന്നതാണ്. ഉദാഹരണത്തിന് വസന്ത കാലത്ത് പുഷ്പാലങ്കാരങ്ങൾ, ശൈത്യകാലത്ത് പെയിന്റിംഗുകൾ അല്ലെങ്കിൽ മോഡേൺ ആക്കുന്ന മറ്റു ഡിസൈനുകൾ ഉപയോഗിക്കുന്നത് ഭംഗി കൂട്ടും. കൂടുതൽ കംഫോർട്ടിന് വേണ്ടി വ്യത്യസ്ത വലുപ്പത്തിനുള്ള തലയണകൾ ഉപയോഗിക്കാം. ഈ ചെറിയ മാറ്റം സോഫ, കിടക്ക എന്നിവയെ പുതിയതായി തോന്നിപ്പിക്കും.

പ്രയർ ഹാൾ: വീടിനുള്ളിൽ ഏറ്റവുമധികം സമാധാനവും ശാന്തതയും കിട്ടേണ്ട സ്ഥലമാണ് പ്രാർത്ഥന മുറി. അതുകൊണ്ട് തന്നെ ശരിക്കും ആലോചിച്ച് മാത്രമായിരിക്കണം മാറ്റം വരുത്തേണ്ടത്. ഫ്രഷ് ആയിട്ടുള്ള പൂക്കൾ, ചെറിയ ലൈറ്റിംഗ്, ചന്ദനതിരി, മെഴുകുതിരി തുടങ്ങിയവ വെക്കുവാനുള്ള സ്റ്റാൻഡ് എന്നിവ കൊണ്ട് ചെറിയ രീതിയിലുള്ള മാറ്റങ്ങളാണ് പ്രാർത്ഥന മുറികൾക്ക് ആവശ്യം. കൂടുതൽ ശാന്തതക്ക് വേണ്ടി ലൈറ്റ് ആയിട്ടുള്ള നിറങ്ങൾ ഉപയോഗിച്ച് പെയിന്റ് ചെയ്യണം. പ്രാർത്ഥന സമയത്ത് മൃദുലമായ ചവിട്ടു മെത്തകളോ, കുഷ്യനുകളോ ഉപയോഗിക്കുന്നത് നിങ്ങൾക്ക് കൂടുതൽ കംഫോർട്ട് നൽകും. സമാധാനത്തിനും ശാന്തതക്കും വേണ്ടി വീടിനുള്ളിൽ തന്നെ നിങ്ങൾക്ക് പോകാൻ പറ്റുന്ന ഒരിടമായി പ്രാർത്ഥന മുറികൾ മാറും.

അടുക്കള: ഒറ്റനോട്ടത്തിൽ തന്നെ ആകർഷണം നൽകുന്ന ഒന്നാണ് അടുക്കള. ബോൾഡ് ടേബിൾ റണ്ണേഴ്‌സ്, വർണാഭമായ നാപ്കിനുകൾ, പാത്രത്തിനടിയിൽ വെക്കുന്ന ചെറിയ തുണികൾ അഥവാ പ്ലെയ്സ് മാറ്റുകൾ തുടങ്ങിയവ നിങ്ങളുടെ ഡൈനിംഗ് ടേബിളിന് കൂടുതൽ ഭംഗി കൂട്ടും. മിന്നുന്ന ഫെയറി ലൈറ്റുകൾ, മെഴുകുതിരികൾ, സീസൺ അനുസരിച്ചുള്ള പഴവർഗ്ഗങ്ങൾ ഒരു ബൗളിലോ മറ്റോ ടേബിളിൽ വെക്കാം. ഇത് ഫ്രഷ് ആയിട്ടുള്ള അന്തരീക്ഷം സൃഷ്ടിക്കും. അടുക്കളയിലെ ചുമരുകളിൽ ആവശ്യമായ അലങ്കാരങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ പാചകത്തെയും ഡൈനിംഗിനെയും കൂടുതൽ സവിശേഷമാക്കും.

പഴയ ഫർണിച്ചറുകൾ: ഉപയോഗിച്ച് കഴിഞ്ഞ പഴയ ഫർണിച്ചറുകൾ കളയരുത്. അവയ്ക്ക് പുത്തൻ ജീവൻ നൽകിയാൽ കൂടുതൽ നല്ലതായിരിക്കും. കസേര, ടേബിൾ, ക്യാബിനറ്റ് തുടങ്ങിയവ ഇളം മഞ്ഞ നിറമോ, കടും പച്ചയോ നിറത്തിലുള്ള പൈന്റുകൾ ഉപയോഗിച്ച് പെയിന്റ് ചെയ്യുക. ഡിസൈനുകൾ ഉള്ള തുണികൾ കൊണ്ട് സീറ്റുകൾ റീ അപ്ഹോളസ്റ്ററി ചെയ്യാവുന്നതാണ്. പഴയ ഫർണിച്ചറുകൾ അപ്സൈക്ലിംഗ് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട് പുതുക്കിയെടുക്കാനുള്ള പരിസ്ഥിതി സൗഹൃദ മാർഗം കൂടിയാണിത്.

ജനാലകൾ: വീടിന് ഭംഗി കൂട്ടുന്നതിൽ ജനാലകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അധികവും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതും ജനാലകളെയാണ്. സ്വകാര്യത നിലനിർത്തികൊണ്ട് തന്നെ പുറത്തെ വെളിച്ചം അകത്തേക്ക് കടക്കാൻ പറ്റുന്ന വിധത്തിലുള്ള നേർത്ത കർട്ടനുകൾ ഉപയോഗിച്ച് ജനാലകൾ ഫ്രെയിം ചെയ്യണം. സീസൺ അനുസരിച്ച് ജനാലയുടെ ഫ്രയിമിന് ചുറ്റും മാലകൾ, ഫെയറി ലൈറ്റുകൾ തുടങ്ങിയവ ഉപയോഗിച്ചാൽ കൂടുതൽ ഭംഗി കിട്ടും. അതിലും വ്യത്യസ്തമായ എന്തെങ്കിലും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അലങ്കാര ഷട്ടറുകളോ, സ്റ്റൈൻഡ് ഗ്ലാസ് വിൻഡോ ഫിലിമുകളോ ഉപയോഗിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here