എത്രയൊക്കെ വീട് വൃത്തിയാക്കിയാലും ചിലന്തിവല ദിവസേനെ ഉണ്ടായിക്കൊണ്ടേയിരിക്കും. ഇത് മടുപ്പിക്കുന്ന ഒരു കാര്യമാണ്. ഉപയോഗിക്കാത്ത സ്ഥലങ്ങൾ തുടങ്ങി ഓരോ മുക്കിലും കോണിലും വരെ വലകെട്ടാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ ഈ വഴികൾ പരീക്ഷിച്ച് നോക്കൂ. ഇനി വീടുകളിൽ ചിലന്തിവല എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
ചിലന്തിവല നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യാം
- ചിലന്തിവല എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നത് വാക്വമിങ് ആണ്. ഇടുങ്ങിയ കോണുകളിലും ഉയർന്ന സ്ഥലങ്ങളിലും എത്താൻ കഴിയുന്ന നീളം കൂടിയ ഹോസ് അറ്റാച്ച്മെന്റുള്ള ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
- വിനാഗിരി ഉപയോഗിച്ച് എളുപ്പത്തിൽ ചിലന്തിവലകൾ നീക്കം ചെയ്യാൻ സാധിക്കും. ചിലന്തിവലയുള്ള സ്ഥലങ്ങളിൽ വിനാഗിരി സ്പ്രേ ചെയ്ത് കൊടുക്കാം. ഇത് കീടബാധ ഉണ്ടാകുന്നതും തടയും.
- മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് എളുപ്പത്തിൽ വല നീക്കം ചെയ്യാൻ സാധിക്കും. നീളമുള്ള ഒരു വടിയിൽ മൈക്രോ ഫൈബർ തുണി ചുറ്റി വല നീക്കം ചെയ്യാവുന്നതാണ്. പൊടിപടലങ്ങളും അഴുക്കും എളുപ്പത്തിൽ നീക്കം ചെയ്യുന്ന തുണികളാണ് മൈക്രോ ഫൈബർ തുണികൾ. അതുകൊണ്ട് തന്നെ വീടിനുള്ളിലെ ഓരോ മുക്കും മൂലയും വരെ ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും.
- പെയിന്റ് റോളർ ഉപയോഗിച്ചും എളുപ്പത്തിൽ ചിലന്തിവല നീക്കം ചെയ്യാൻ സാധിക്കും. പെയിന്റ് റോളറിന്റെ രണ്ട് വശത്തും ഡബിൾ സൈഡ് ടേപ്പ് ഒട്ടിച്ച് വെക്കണം. ശേഷം ഇത് വലയുള്ള ഭാഗങ്ങളിലേക്ക് റോളർ ഉരുട്ടിയെടുത്താൽ മതി.
ചിലന്തിവല തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- ചിലന്തികൾ പുറത്തുനിന്നും ഉള്ളിലേക്ക് കടക്കുന്നത് തടയാൻ വാതിലുകളിലും ജനാലകളിലുമുള്ള വിള്ളലുകളും വിടവുകളും പരിശോധിച്ച് അടക്കണം.
- നിരന്തരമായി വീട് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. എന്നും വൃത്തിയാക്കുകയാണെങ്കിൽ ചിലന്തിവല കെട്ടാനുള്ള സാഹചര്യം ഒഴിവാക്കാം.
- വിനാഗിരി, കർപ്പൂരതുളസി തുടങ്ങിയവയുടെ ഗന്ധം ചിലന്തികൾക്ക് പിടിക്കാത്തതാണ്. നിരന്തരം വലകെട്ടുന്ന സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്ത് കൊടുത്താൽ പിന്നെ ചിലന്തി ആ പരിസരത്തേക്ക് വരില്ല.
- വെള്ള നിറത്തിലുള്ള പ്രകാശങ്ങൾ ചിലന്തികളെ എളുപ്പത്തിൽ ആകർഷിക്കുന്നതാണ്. വെള്ള നിറത്തിലുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിന് പകരം മറ്റ് നിറങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
ഉപയോഗമില്ലാത്ത വസ്തുക്കൾ വീടുകളിൽ നിന്നും ഒഴിവാക്കാം. ആവശ്യമില്ലാത്ത വസ്തുക്കൾ കുമിഞ്ഞ് കൂടുന്നത് ചിലന്തികൾ കെട്ടാൻ അവസരമൊരുക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കുകയോ അല്ലെങ്കിൽ ആവശ്യമില്ലാത്ത വസ്തുക്കൾ ഒഴിവാക്കുകയോ ചെയ്യുക.