പല്ല് തേക്കാൻ മാത്രമല്ല ഇനി പേസ്റ്റ് ഉപയോഗിച്ചും അടുക്കള വൃത്തിയാക്കാൻ സാധിക്കും. കടുത്ത കറകൾ തുടങ്ങി കഠിനമായ ദുർഗന്ധത്തെ വരെ എളുപ്പത്തിൽ നീക്കാൻ കഴിയുന്നവയാണ് ടൂത് പേസ്റ്റ്. എന്നാൽ പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡ് വസ്തുക്കളിൽ കേടുപാട് വരുത്താൻ സാധ്യതയുള്ളതുകൊണ്ട് തന്നെ പഴയ, വെള്ള നിറത്തിലുള്ള പേസ്റ്റ് വേണം വൃത്തിയാക്കാൻ വേണ്ടി എടുക്കേണ്ടത്. പഴയ രീതികളിൽ അടുക്കള വൃത്തിയാക്കി മടുത്തുവെങ്കിൽ നിങ്ങൾക്ക് ഈ പുതിയ രീതി പരീക്ഷിക്കാവുന്നതാണ്.
ടൂത് പേസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ സിങ്കിനെ വെട്ടിത്തിളങ്ങുന്ന രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. ഒരു തുണിയോ സ്പോൻഞ്ചോ എടുത്ത് അതിലേക്ക് കുറച്ച് ടൂത് പേസ്റ്റ് തേച്ച് കൊടുക്കണം. ശേഷം സിങ്ക് ഉരച്ച് കഴുകാവുന്നതാണ്. ടൂത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഏത് കടുത്ത കറയേയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതാണ്.
ഗ്ലാസ്, സെറാമിക് സ്റ്റൗ ടോപ്
ഗ്ലാസ് അല്ലെങ്കിൽ സെറാമിക് കൊണ്ടുള്ള സ്റ്റൗ ടോപ്പുകൾ വൃത്തിയാക്കുമ്പോൾ പോറലോ പാടുകളോ ഉണ്ടാകാത്ത രീതിയിൽ വേണം വൃത്തിയാക്കേണ്ടത്. അതുകൊണ്ട് തന്നെ ടൂത് പേസ്റ്റ് അതിനൊരു എളുപ്പ മാർഗ്ഗമാണ്. സ്റ്റൗവിന്റെ ടോപ്പിൽ കുറച്ച് പേസ്റ്റ് പുരട്ടിയതിന് ശേഷം തുണി അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കണം. കഴുകിയതിന് ശേഷം മുഗൾ ഭാഗം തുടച്ചെടുക്കാവുന്നതാണ്.
ചായക്കറ
ഡിഷ് വാഷ് മറ്റ് ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കിയിട്ടും ചായക്കറ പോയില്ലെങ്കിൽ പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. കുറച്ച് പേസ്റ്റ് എടുത്തതിന് ശേഷം കറപിടിച്ച ഭാഗത്തേക്ക് അത് തേച്ചുപിടിപ്പിക്കുക. കുറച്ച് നേരം കഴിഞ്ഞ് ഇത് ഉരച്ച് കഴുകാവുന്നതാണ്. ചായ ഗ്ലാസിലെ കറ എളുപ്പത്തിൽ പോകും.
കട്ടിങ് ബോർഡ്
നിരന്തരം പച്ചക്കറികൾ മുറിക്കാൻ നമ്മൾ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകളിൽ പലതരം കറകളും ദുർഗന്ധവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ടൂത് പേസ്റ്റ് ഉപയോഗിച്ച് കട്ടിങ് ബോർഡിനെ വൃത്തിയുള്ളതും പുതിയതാക്കിയും മാറ്റാൻ സാധിക്കും. കട്ടിങ് ബോർഡിൽ ടൂത്ത്പേസ്റ്റ് പുരട്ടിയതിന് ശേഷം ഉരച്ച് കഴുകിയാൽ കറകളും ദുർഗന്ധവും എളുപ്പത്തിൽ പോകുന്നതാണ്.