ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കിച്ചൻ ക്യാബിനറ്റുകളിലോ ഫ്രിഡ്ജിലോ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലമുണ്ടാകണമെന്നില്ല. എല്ലാ വീടുകളിലും നിരന്തരമായി കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. സാധനങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ പാത്രങ്ങൾ ഇല്ലെന്നതാണ് പ്രധാനമായ പ്രശ്നം. അതുകൊണ്ട് തന്നെ അടുക്കളയിൽ പല ആകൃതിയിലുള്ള കണ്ടെയ്നറുകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ തരം കണ്ടെയ്‌നറുകൾ നിങ്ങളുടെ അടുക്കളയിൽ ഉണ്ടെങ്കിൽ ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. അവ ഏതൊക്കെയെന്ന് അറിയാം.
സ്റ്റെയിൻലെസ് സ്റ്റീൽ കണ്ടെയ്നർ
ഏത് തരം ഭക്ഷണ സാധനങ്ങളും കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്നതാണ് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ. മറ്റ് പാത്രങ്ങളെ അപേക്ഷിച്ച് ശക്തിയുള്ളതും അധിക കാലം ഉറപ്പുള്ളതുമാണ് സ്റ്റീൽ കണ്ടെയ്‌നറുകൾ. ബാക്കിവന്ന ഭക്ഷണങ്ങൾ, നെയ്യ്, എണ്ണ തുടങ്ങിയവ ഇതിൽ സൂക്ഷിക്കാവുന്നതാണ്.
ഗ്ലാസ് കണ്ടെയ്നർ
കാണാൻ ആകർഷകവും വിപണിയിൽ എളുപ്പത്തിൽ ലഭിക്കുന്നതുമാണ് ഗ്ലാസ് പാത്രങ്ങൾ. എന്ത് തരം ആവശ്യങ്ങൾക്കും ഇത് ഉപയോഗപ്രദമാണ്. മിക്ക ഗ്ലാസ് കണ്ടെയ്നറുകളും തീവ്രമായ താപനിലയെ നേരിടാൻ കഴിയുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മൈക്രോവേവിലോ ഓവനിലോ ചൂടാക്കാനും ഭക്ഷണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജിലും സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാം.
പ്ലാസ്റ്റിക് കണ്ടെയ്നർ
എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതും ലൈറ്റ് വെയ്റ്റുമാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. ഭക്ഷണ സാധനങ്ങളുമായി പ്രതിപ്രവർത്തനങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കനാണ് പ്ലാസ്റ്റിക് പാത്രങ്ങൾ കൂടുതൽ അനുയോജ്യം. പല ആകൃതിയിലും പ്ലാസ്റ്റിക് പാത്രങ്ങൾ ലഭ്യമാണ്.
സെറാമിക് കണ്ടെയ്നർ
പരമ്പരാഗതവും കാണാൻ മനോഹരവുമാണ് സെറാമിക് കൊണ്ടുള്ള പാത്രങ്ങൾ. ഭംഗി മാത്രമല്ല ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനും നല്ലതാണ് സെറാമിക് പാത്രങ്ങൾ. പ്രകൃതിദത്തമായ ധാതുക്കൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിൽ രാസവസ്തുക്കളോ സിന്തറ്റിക് കോട്ടിങ്ങോ ഇല്ല. ബിസ്കറ്റ് പോലുള്ള ഭക്ഷ്യ സാധനങ്ങൾ ഇതിൽ സൂക്ഷിക്കാവുന്നതാണ്.