ഇന്ത്യയിലെ ഏറ്റവും ആഢംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് വീണ്ടും ട്രാക്കില്‍ തിരിച്ചെത്തുന്നു. രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ധര്‍മേന്ദ്ര റാത്തോഡ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് റാത്തോഡ് പറഞ്ഞു.
പാലസ് ഓണ്‍ വീല്‍സ് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് അഭിമാനകരമായ പദ്ധതിയാണെന്നും സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും അത് തിരികെ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം (എഫ്എച്ച്ടി) രാജസ്ഥാന്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാത്തോഡിന്റെ പ്രതികരണം.
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ പാലസ് ഓണ്‍ വീല്‍സിന്റെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍ടിഡിസി) ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. 1982 മുതല്‍ ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് രാജസ്ഥാന്‍ ടൂറിസം വകുപ്പ് ആര്‍ടിഡിസി പാലസ് ഓണ്‍ വീല്‍സ് സര്‍വീസ് നടത്തുന്നുണ്ട്.
രാജകീയ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍
പാലസ് ഓണ്‍ വീല്‍സ് ട്രെയിനില്‍ 39 ഡീലക്സ് ക്യാബിനുകളും രണ്ട് സൂപ്പര്‍ ഡീലക്സ് ക്യാബിനുകളുമാണുള്ളത്. ആകെ 82 യാത്രക്കാര്‍ക്കാണ് ഒരു യാത്രയില്‍ പോകാന്‍ സാധിക്കുന്നത്. 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും.
ഡല്‍ഹിയില്‍ നിന്ന് വൈകീട്ട് ആരംഭിക്കുന്ന യാത്ര ജയ്പുര്‍, സവായ് മധോപുര്‍, ചിറ്റോര്‍ഗഡ്, ഉദയ്പുര്‍, ജയ്സാല്‍മിര്‍, ജോധ്പുര്‍, ഭരത്പുര്‍, ആഗ്ര എന്നിവടങ്ങളിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഏഴാം ദിവസം വൈകീട്ട് മടങ്ങിയെത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ആഡംബര ബസിലുള്ള യാത്രയും ഭക്ഷണവും മറ്റ് സേവനങ്ങളും എല്ലാം പാക്കേജില്‍ ഉള്‍പ്പെടും.
സീസണുകള്‍ അനുസരിച്ചാണ് പാലസ് ഓണ്‍ വീല്‍സിന്റെ ടിക്കറ്റ് നിരക്കുകള്‍. ടൂറിസ്റ്റ് സീസണില്‍ ഡീലക്സ് ക്യാബിന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 5,98,290 രൂപയും ടാക്സും സൂപ്പര്‍ ഡീലക്സ് ക്യാബിന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 10,76,922 രൂപയും ടാക്സുമാണ് നിരക്ക്.
23 കോച്ചുകളുള്ള ട്രെയിനില്‍ ഓരോ കോച്ചിനും പഴയ രജപുത്ര നാട്ടുരാജ്യങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്. കോണ്ടിനെന്റല്‍, ചൈനീസ് വിഭവങ്ങള്‍, ഒരു ബാര്‍ കം ലോഞ്ച്, 14 സലൂണുകള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുള്ള ട്രെയിനില്‍ മഹാരാജ, മഹാറാണി എന്നീ രണ്ട് റെസ്റ്റോറന്റുകളുമുണ്ട്.