ബുള്ളറ്റിനെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രത്തിന് കുറിച്ച് കേട്ടിട്ടുണ്ടോ… എന്നാല്‍ അത്തരത്തില്‍ ഒരു അമ്പലം ഉണ്ട് അങ്ങ് രാജസ്ഥാനില്‍. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ്. ഈ ബുള്ളറ്റിനെ ഭക്തര്‍ ബുള്ളറ്റ് ബാബ എന്നാണ് വിളിക്കുന്നത്.
രാജസ്ഥാനിലെ ജോധ്പ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഓംബനസിംങ്ങ് പാത്താവത്ത് എന്ന ആളുമായി ബന്ധപ്പെട്ടാണ് ബുള്ളറ്റ് ബാബയുടെ ഐതിഹ്യം. 1988 ഡിസംബര്‍ 2ന് അച്ഛന്‍ സമ്മാനമായി നല്‍കിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കൂട്ടുകാരനുമായി കറങ്ങാനിറങ്ങിയതായിരുന്നു ആ യുവാവ്. എന്നാല്‍ നിയന്ത്രണം വിട്ടുവന്ന ലോറി ഓംബനസിംങ്ങിന്റെ ജീവന്‍ അപഹരിച്ചു.
അവിടുന്നാണ് സംഭവങ്ങളുടെ തുടക്കം. അപകട മരണം സംഭവിച്ചതിനാല്‍ പോലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പിറ്റേ ദിവസം നോക്കുമ്പോള്‍ ബുള്ളറ്റ് അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകടം നടന്ന സ്ഥലത്തു തന്നെ കിടപ്പുണ്ടായിരുന്നു. ആരെങ്കിലും എടുത്തുകൊണ്ട് പോയതാണെന്ന് വിചാരിച്ച് പൊലീസുകാര്‍ വീണ്ടും ബുള്ളറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പെട്രോള്‍ ഊറ്റിക്കളഞ്ഞു. പക്ഷെ പിറ്റേ ദിവസം, അപകടം നടന്ന സ്ഥലത്ത് ബുള്ളറ്റ് എത്തി. ഈ സംഭവം ആവര്‍ത്തിച്ചപ്പോള്‍ പൊലീസുകാര്‍ ബുള്ളറ്റ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അവര്‍ അത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു. എന്നാല്‍ അവിടെ നിന്നും ബുള്ളറ്റ് തിരിച്ചെത്തി. 1991ല്‍ ആണ് ഈ സംഭവങ്ങള്‍ നടന്നത്. താമസിയാതെ ഈ പ്രേതകഥ നാടാകെ പ്രചരിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ അതു വഴി ആരും സഞ്ചരിക്കാതെയായി. കഥയറിയാതെ അതുവഴി പോകുന്ന പലരും മദ്യം ചോദിക്കുന്ന സുന്ദരനായ ചെറുപ്പക്കാരനെ കണ്ടത്രെ (അപകടത്തില്‍ പെടുമ്പോള്‍ ഓംബന മദ്യപിച്ചിരുന്നുവത്രെ).
അതോടെ ഓംബനസിംങിനെ നാട്ടുകാര്‍ ആരാധിക്കാന്‍ തുടങ്ങി. ഓംബനസിംങിന്റെ ബുള്ളറ്റ് ദൈവമായി മാറി. അതുവഴിപോകുന്നവര്‍ക്ക് യാത്രയില്‍ തങ്ങളെ കാക്കുന്ന ദൈവമാണ് ഇന്ന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഈ ക്ഷേത്രത്തിന് മുന്നില്‍ എത്തുമ്പോള്‍ ഹോണ്‍മുഴക്കുന്നതാണ് ബാബയ്ക്കുള്ള വഴിപാട്. ഇതുകൂടാതെ ബിയറും വഴിപാടായി നല്‍കാറുണ്ട്.
