ഉച്ചനീചത്വങ്ങളില്ലാത്ത സൗഹൃദത്തിന്റെ സംഗമ ഭൂമികയായി ജെ റ്റി എസ് അങ്കണം

Advertisement

അടൂർ :
കുട്ടിത്തം മാറാത്ത മനസ്സുമായി 42 വർഷം മുമ്പ് മണക്കാല ജെ റ്റി എസിൽ ഒരുമിച്ച് പഠിച്ച സഹപാഠികൾ വീണ്ടും ഒത്ത് ചേർന്നു . എട്ട് മുതൽ പത്ത് വരെ ഒരുമിച്ച് പഠിച്ച് 1981-ൽ പത്താം ക്ലാസ് കഴിഞ്ഞ ജെ റ്റി എസ് 81 ൻ്റെ സൗഹൃദ കൂട്ടായ്മ ഓർമ്മകളുടെ വസന്തകാലം തീർത്തു. വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങൾ പലരും പങ്ക് വെച്ചപ്പോൾ അത് ജീവിത സാക്ഷ്യത്തിൻ്റെ നേർക്കാഴ്ചയായി.
ജീവിതം കരുപ്പിടിപ്പിക്കാൻ വിവിധ ട്രേഡ് കളുടെ പ്രാഥമിക പരിജ്ഞാനവുമായി ദേശങ്ങളും ദേശാന്തര ദൂരങ്ങളും താണ്ടിയവർ, സർക്കാർ സർവീസ് കളിൽ ഫയൽ കെട്ടുകളുടെ നാടകൾക്കിടയിൽ ജീവിതം സമർപ്പിച്ചവർ, സാമൂഹ്യ പ്രവർത്തകർ, ജീവിതം നന്മയിലേക്കെന്നു കൈചൂണ്ടികളായവർ, ചലചിത്രമേഖലയിലുള്ളവർ, വൈദീകർ,
കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയമേവ ഏറ്റെടുത്തവർ, അങ്ങനെ നാനാതുറകളിൽ ജീവിതത്തെ കർമ്മ സമ്പൂർണ്ണ സാധ്യമാക്കിയ വൈവിദ്ധ്യത്തിന്റ സമ്മേളനം കൂടിയായി അടൂർ മണക്കാല ജെ റ്റി എസ് എന്ന ഇന്നത്തെ ഗവ പോളി ടെക്‌നിക് അങ്കണത്തിൽ നടന്ന സംഗമം.
കൗമാരക്കാലത്തെ വിദ്യാഭ്യാസ ഓർമ്മകളിൽ ഓരോ മനസും ആർദ്രമാകുന്നുണ്ടായിരുന്നു.
ആ പഴയ ക്ലാസ് റൂം, എഞ്ചിനീയറിംഗ് ഡ്രായിംഗ് ഹാൾ, സൂപ്രണ്ടിൻ്റെ മുറി, പ്രവേശന കാവാടവും മുകളിലേക്കുള്ള പടികളും, വർക്ക്ഷോപ്പ് കെട്ടിടവും അതിലേക്കുള്ള ഇടനാഴിയും പടിക്കെട്ടും,. ഗ്രൗണ്ടിനു ചുറ്റിലുമായി നിന്ന ഞാറ മരങ്ങൾ! എല്ലാം..ഓർമ്മകൾക്ക് ചൂടും ചൂരുമായി…
ആൺ സൗഹൃദങ്ങളോടൊപ്പം വനിതാ സുഹൃത്തുക്കളുടെയും സാന്നിധ്യവും സഹകരണവും അഭിമാനകരമായി.
ജെ റ്റി എസ് 81 എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുമുണ്ട്. കൂട്ടുകാരുടെ വീടുകളിലെ വിശേഷങ്ങളിൽ പങ്കെടുക്കുന്നതിനും, അന്നത്തെ അധ്യാപകരിൽ ഇപ്പോൾ ശേഷിക്കുന്നവരെ ആദരിക്കുന്നതിനും ഈ കൂട്ടായ്മ പിശുക്ക് കാണിക്കാറില്ല.