കൊട്ടാരക്കരയില്‍ നടുറോഡില്‍ അമ്മയെ മകന്‍ കുത്തി കൊന്നു

Advertisement

കൊട്ടാരക്കര: ചെങ്ങാമനാട് അമ്മയെ മകന്‍ കുത്തി കൊന്നു. കൊട്ടാരക്കര-പുനലൂര്‍ ദേശീയപാതയില്‍ ചെങ്ങാമനാട് ജംഗ്ഷനില്‍ ഇന്ന് ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. തലവൂര്‍ പഞ്ചായത്ത് ചെങ്ങാമനാട്, അരിങ്ങട ജോജോ ഭവനില്‍ മിനി (50) ആണ് മകന്റെ കുത്തേറ്റ് മരിച്ചത്. അക്രമസക്തനായ മകന്‍ ജോമോനെ (28) നാട്ടുകാര്‍ കീഴ്പ്പെടുത്തി കൊട്ടാരക്കര പോലീസില്‍ ഏല്‍പ്പിച്ചു. മിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കലയപുരത്തെ ചികിത്സാ കേന്ദ്രത്തിലായിരുന്ന അമ്മയെ രാവിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴായിരുന്നു കൊലപാതകം. അമ്മയുമായി ബൈക്കില്‍ പോകുമ്പോള്‍ ചെങ്ങമനാട് നടുറോഡില്‍ വച്ച് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇരുവര്‍ക്കും മാനസിക വൈകല്യം ഉള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. 2007 മുതല്‍ കലയപുരത്ത് ചികിത്സയ്‌ക്കെത്തുന്ന മിനി ചികിത്സ കഴിയുമ്പോള്‍ വീട്ടിലേക്ക് മടങ്ങുന്നതായിരുന്നു രീതി. രാവിലെ വീട്ടിലേക്ക് പോകാന്‍ മകനെ വിളിച്ചുവരുത്തിയത് മിനിയായിരുന്നു.