ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്

Advertisement

രാജ്യത്തിന്റെ കരുത്ത് അറിയിച്ചു കൊണ്ട് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണം ഇന്ന് നടക്കും. ഉപഗ്രഹവുമായി പിഎസ്എല്‍വി സി-57 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50ന് കുതിച്ചുയരും. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ശ്രീഹരിക്കോട്ടയിൽ തുടങ്ങി.
ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.
മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്.
സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍1 ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.

Advertisement