പന്മന.വൈജ്ഞാനികസൗഹൃദങ്ങളിലൂടെ കേരളീയനവോത്‌ഥാനത്തിന് തിരി തെളിച്ച മഹാഗുരു ചട്ടമ്പിസ്വാമികളുടെ നൂറ്റിഎഴുപതാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ ഗ്രാമസൗഹൃദശാലയ്ക്കു തുടക്കമാകും. കുടുംബസദസുകളെയും പണ്ഡിതസഭകളേയും കേന്ദ്രീകരിച്ചുകൊണ്ട് നൂറുവർഷം മുമ്പ് ചട്ടമ്പിസ്വാമികൾ തുടക്കമിട്ട ജ്ഞാനസൗഹൃദങ്ങൾ, നവകേരളത്തിന്റെ സാംസ്കാരികധാരകൾക്ക് വലിയ കരുത്തേകി. അത്തരംസൗഹൃദസംഘങ്ങളിൽ നിന്നാണ് നിരവധി പ്രമുഖർ ഉയർന്നുവന്നത്. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള ദേശങ്ങളിൽ നിന്നുള്ളവർ മഹാഗുരുവിന്റെ സൗഹൃദശാലകളിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്തിയ ആ സൗഹൃദക്കൂട്ടായ്മകളുടെ മാതൃക വികസിപ്പിച്ചുകൊണ്ടാണ് പന്മന ആശ്രമത്തിന്റെ നേതൃത്വത്തിൽ ഈ അദ്ധ്യാപകദിനത്തിൽ ഗ്രാമസൗഹൃദശാലകൾക്ക് തുടക്കമിടുന്നത്.
ചരിതവ്യക്തിതങ്ങളുടെ അനുസ്മരണം, ജീവകാരുണ്യ സന്ദേശം, ഗ്രാമീണപ്രതിഭകളുടെ പങ്കാളിത്തം, പുസ്തകചർച്ച, കലാ സാഹിത്യ അവതരണങ്ങൾ, സമകാലികവിഷയങ്ങളെക്കുറിച്ചുള്ള സംവാദം, പ്രകൃതിബോധനം, നാട്ടുസഞ്ചാരം തുടങ്ങിയ നിരവധി ഘടകങ്ങൾ ഗ്രാമസൗഹൃദശാലയിലുണ്ട്.
അനൗപചാരികകൂട്ടായ്മകളാണ് ഇതിന്റെ സവിശേഷത. “അറിവിനും നിറവിനും സൗഹൃദം “എന്ന ആപ്തവാക്യത്തോടെ, ജാതിമതഭേദമില്ലാതെ ആയിരം ഗ്രാമങ്ങളിൽ ഗ്രാമസൗഹൃദശാലകൾ സംഘടിപ്പിക്കാനാണ് പന്മന ആശ്രമം ലക്ഷ്യമിടുന്നത്. എൻ. കെ പ്രേമചന്ദ്രൻ എം. പി, കെ. ജയകുമാർ ഐ എസ്, എയർവൈസ് മാർഷൽ പി. കെ ശ്രീകുമാർ തുടങ്ങിയപ്രമുഖർ മഹാഗുരുജയന്തി സമ്മേളനത്തിൽ പങ്കെടുക്കും