കൊല്ലം: വീടിനടുത്തുള്ള ക്ഷേത്രത്തിന്റെ കുളക്കരയിലിരിക്കുകയായിരുന്ന സുഹൃത്തുക്കളായ രണ്ടു പേര്‍ കുളത്തില്‍ വീണു മരിച്ചു. അയത്തില്‍ സ്‌നേഹാ നഗറില്‍ കാവുങ്ങല്‍ പടിഞ്ഞാറ്റതില്‍ ഗിരികുമാര്‍ (57 -ഉണ്ണി, റിട്ട. സൂപ്രണ്ട് ശ്രീ നാരായണാ കോളജ്, കൊല്ലം), അയത്തില്‍ ആരതി ജങ്ഷന്‍ സുരഭി നഗര്‍ 171 കാവുംപണ വയലില്‍ വീട്ടില്‍ പരേതനായ ജോസഫ് ചാക്കോയുടെയും, കുട്ടിയമ്മയുടെയും മകന്‍ അനിയന്‍കുഞ്ഞ് (56-ചാക്കോ) എന്നിവരാണ് മരിച്ചത്.
അയത്തില്‍ പുളിയത്തുമുക്ക് പവ്വര്‍ ഹൗസിനടുത്തുള്ള കരുത്തര്‍ മഹാദേവര്‍ ക്ഷേത്ര കുളത്തിലാണ് ഇവര്‍ മുങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഇരുവരുടെയും മൃതദേഹങ്ങള്‍ കുളത്തില്‍ പൊങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളില്‍ നിന്നും പുറത്തു പോയ ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. ബന്ധുക്കള്‍ വിളിച്ചപ്പോള്‍ അനിയന്‍കുഞ്ഞിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഉറ്റ സുഹൃത്തുക്കളായ ഇരുവരും കുളക്കരയിലിരിക്കവെ കുളത്തിലേക്ക് വീണ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്നയാളും കുളത്തിലേക്ക് വീഴുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ഇരവിപുരം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇരുവരുടെയും സംസ്‌കാരം നടക്കും. കൂലിപ്പണിക്കാരനും, അവിവാഹിതനുമായിരുന്നു അനിയന്‍കുഞ്ഞ്. സഹോദരങ്ങള്‍ പരേതനായ റജി ചാക്കോ, കുഞ്ഞുമോള്‍. ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായ സീനാ ഗിരിയാണ് ഗിരി കുമാറിന്റെ ഭാര്യ. അനന്തു ഗിരി (ഐ.ഡി.എഫ്.സി ബാങ്ക് കരിക്കോട്), കൃഷ്ണഗിരി (പുനലൂര്‍ എസ്.എന്‍. കോളജിലെ പി.ജി.വി ദ്യാഥി) എന്നിവര്‍ മക്കളാണ്. അനിയന്‍കുഞ്ഞിന്റെ സഹോദരന്‍ റജി ചാക്കോ മുങ്ങി മരിച്ചതും ഇതേ കുളത്തിലായിരുന്നു. 2008 ഡിസംബറിലായിരുന്നു റജി ചാക്കോയുടെ മരണം.