ഏഷ്യന്‍ ഗെയിംസിന് ഹാങ്ചൗവില്‍ വര്‍ണാഭമായ തുടക്കം; 45 രാജ്യങ്ങളില്‍ നിന്നായി 12,417 കായികതാരങ്ങള്‍

Advertisement

19-ാം ഏഷ്യന്‍ ഗെയിംസിന് ചൈനീസ് നഗരമായ ഹാങ്ചൗവില്‍ ഔദ്യോഗിക തുടക്കം. ഹാങ്ചൗ ഒളിമ്പിക്സ് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഏഷ്യന്‍ ഗെയിംസിന് തുടക്കമായത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് മുഖ്യാതിഥിയാകുന്ന ചടങ്ങ് പുരോഗമിക്കുകയാണ്. ഉദ്ഘാടന മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യയ്ക്കായി ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും ബോക്സര്‍ ലവ്ലിന്‍ ബൊര്‍ഗോഹെയ്നുമാണ് ദേശീയപതാകയേന്തുന്നത്. 45 രാജ്യങ്ങളില്‍ നിന്നായി 12,417 കായികതാരങ്ങള്‍ ഇത്തവണത്തെ വന്‍കരപ്പോരിനിറങ്ങുന്നു. മൂന്നാംതവണയാണ് ചൈന ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഈ സ്റ്റേഡിയമാണ് ഇത്തവണത്തെ പ്രധാന വേദി. ഇവന്റില്‍ ഇന്ത്യയ്ക്കായി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളാണ് ഇക്കുറി കളിക്കളത്തിലിറങ്ങുന്നത്. എല്ലാ ഇനത്തിലും കൂടി 655 പേര്‍. 39 ഇനങ്ങളിലായി മത്സരിക്കുന്ന ഇവര്‍ക്കൊപ്പം പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമായി 260 പേര്‍ കൂടെയുണ്ട്.