മുതിർന്ന ആർഎസ്എസ് പ്രചാരകും എഴുത്തുകാരനും, വാഗ്മിയുമായ ആർ. ഹരി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. ആർഎസ്എസ് അഖിലഭാരതീയ ബൗധിക് പ്രമുഖ് ആയിരുന്നു. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകനാണ്.
രംഗ ഹരി എന്നാണ് പൂർണ്ണമായ പേര്. 1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ എറണാകുളം ജില്ലയിലാണ് ഹരിയുടെ ജനനം,അച്ഛൻ രംഗ ഷേണോയ് അമ്മ പത്മാവതി. എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിലും ,മഹാരാജാസ് കോളേജിലും പഠനത്തിന് ശേഷം ബാലസ്വയംസേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു,
1948ൽ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടർന്ന് സംഘത്തിന് നിരോധനം ഉണ്ടായപ്പോൾ സംഘത്തിന്റെ അഖിലഭാരതീയ സത്യാഗ്രഹത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. 1951ൽ സംഘപ്രചാരകായി ആദ്യം വടക്കൻ പറവൂരിൽ പ്രവർത്തിച്ചു. പിന്നീട്, തൃശൂർ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവർത്തിച്ചിരുന്നു.
1980ൽ സഹപ്രാന്ത് പ്രചാരകനായി. 1983ൽ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ൽ അഖില ഭാരതീയ സഹ-ബൗധിക് പ്രമുഖായി.ഒരു വര്ഷം കഴിഞ്ഞപ്പോൾ അഖില ഭാരതീയ ബൗധിക് പ്രമുഖുമായി നിയമിതനായി. അടിയന്തരാവസ്ഥക്കു ശേഷം കുരുക്ഷേത്ര എന്ന പേരിൽ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയത് ആർ ഹരി ആയിരുന്നു .