ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; വിധി ശനിയാഴ്ച

Advertisement

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ കോടതി നവംബര്‍ നാലിന് വിധി പറയും. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ജൂലൈ 28-നാണ് 5 വയസുകാരി കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 4-നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കേസില്‍ പ്രതി.
ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയില്‍ പുതുതായി താമസിക്കാന്‍ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചില്‍ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പോലീസ് പിടികൂടി. പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അസ്ഫാക് ആലം മാത്രമാണ് കേസിലെ ഏക പ്രതി. കൊലപാതകം ബലാല്‍സംഗം തട്ടിക്കൊണ്ടുപോകല്‍ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസില്‍ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു കേസില്‍ പ്രതിയുടെ വാദം. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Advertisement