ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയുടെ ദയനീയ പതനം പൂര്‍ത്തിയായി. ഇന്ത്യയുടെ എട്ടിന് 357 എന്ന വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക 19.4 ഓവറില്‍ 55 ന് ഓളൗട്ടായി. 302 റണ്‍സ് ജയത്തോടെ ഇന്ത്യ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി. ഏഴു കളികളില്‍ ആതിഥേയരുടെ ഏഴാം ജയമാണ് ഇത്. രവീന്ദ്ര ജദേജ തന്റെ നാലാമത്തെ പന്തില്‍ ദില്‍ഷന്‍ മധുശങ്കയെ (5) പുറത്താക്കിയതോടെയാണ് ശ്രീലങ്കയുടെ ദുരന്തം അവസാനിച്ചത്.
വാലറ്റക്കാര്‍ ചെറുത്തുനിന്നതോടെ ഏകദിന ക്രിക്കറ്റിലെ രണ്ട് നാണക്കേടിന്റെ റെക്കോര്‍ഡുകള്‍ ശ്രീലങ്ക ഒഴിവാക്കി. ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായെന്ന റെക്കോര്‍ഡും ഏറ്റവും വലിയ മാര്‍ജിന് തോറ്റെന്ന റെക്കോര്‍ഡും അവര്‍ കഷ്ടിച്ച് ഒഴിവാക്കി. ശ്രീലങ്കക്കെതിരെ 2004ല്‍ സിംബാബ്വെ 35 റണ്‍സിന് പുറത്തായതാണ് ഏകദിനത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍. നേപ്പാളിനെതിരെ അമേരിക്കയും ഈ സ്‌കോറില്‍ പുറത്തായിരുന്നു. ഏറ്റവും വലിയ തോല്‍വി 317 റണ്‍സിന്റെതും. മുഹമ്മദ് ഷമി അഞ്ചു വിക്കറ്റെടുത്തു. ലോകകപ്പില്‍ റെക്കോര്‍ഡായ ഏഴാം തവണയാണ് ഷമി നാലോ അധികമോ വിക്കറ്റ് സ്വന്തമാക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറാവാന്‍ ഒരെണ്ണം കൂടി മതി. സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരും ഷമിയെ പോലെ 44 വിക്കറ്റെടുത്തിട്ടുണ്ട്. മുഹമ്മദ് സിറാജ് മൂന്നു പേരെ പുറത്താക്കി. ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ വിക്കറ്റ് നേടി.
വിജയം ഉറപ്പിച്ചതോടെ ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കും. ഇന്ത്യന്‍ ബാറ്റര്‍മാര്‍ സൃഷ്ടിച്ച റണ്‍പ്രളയത്തിനിടയിലും പെയ്സര്‍ ദില്‍ഷന്‍ മധുശങ്ക അഞ്ചു വിക്കറ്റുമായി തലയുയര്‍ത്തി നിന്നു. ശ്രീലങ്കക്ക് ഓപണര്‍മാരെ അക്കൗണ്ട് തുറക്കും മുമ്പെ നഷ്ടപ്പെട്ടു. 9.4 ഓവറില്‍ 14 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് ആറു വിക്കറ്റ് നഷ്ടപ്പെട്ടു. പതും നിസങ്കയെ ജസ്പ്രീത് ബുംറയും ദിമുത് കരുണരത്നെയെ മുഹമ്മദ് സിറാജും വിക്കറ്റിന് മുന്നില്‍ കുടുക്കി. സദീര സമരവിക്രമ (0), ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (1) എന്നിവരെയും സിറാജ് പുറത്താക്കി. ബുംറയുടെയും സിറാജിന്റെയും പെയ്സാക്രമണം ഒമ്പതോവറോളം നോക്കി നിന്ന മുഹമ്മദ് ഷമി തന്റെ ആദ്യ ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ ചരിത അസലെങ്കയെയും (0) ദുഷാന്‍ ഹേമന്തയെയും (0) മടക്കി. ദുഷ്മന്ത ചമീരയും (0) ഷമിക്ക് മുന്നില്‍ വീണു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമത്തെ പന്തില്‍ പുറത്തായ കളിയില്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലും മുന്‍ നായകന്‍ വിരാട് കോലിയും ശ്രേയസ് അയ്യരും സെഞ്ചുറിക്കരികെ വീണു. ഒരു അലട്ടുമില്ലാതെ ബാറ്റേന്തുകയായിരുന്ന ഗില്‍ (92 പന്തില്‍ 92) ദില്‍ഷന്‍ മധുശങ്കയെ അപ്പര്‍കട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് വിക്കറ്റ്കീപ്പര്‍ക്ക് പിടികൊടുത്തത്. മധുശങ്ക തന്നെയാണ് തൊണ്ണൂറുകളിലേക്ക് കടക്കും മുമ്പ് കോലിയെയും (94 പന്തില്‍ 88) ശ്രേയസിനെയും (56 പന്തില്‍ 82) പുറത്താക്കിയത്. മൂന്നു പേരും സമര്‍ഥമായ സ്ലോബോളിലാണ് കബളിപ്പിക്കപ്പെട്ടത്. കോലി മൂന്നക്കത്തിലെത്തിയിരുന്നുവെങ്കില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറികളുടെ (49) സചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു.
ആദ്യ പന്ത് ബൗണ്ടറിയിലേക്ക് ഗ്ലാന്‍സ് ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2 പന്തില്‍ 4) രണ്ടാമത്തെ പന്തില്‍ മധുശങ്ക ബൗള്‍ഡാക്കിയ ശേഷം കോലിയും ഗില്ലും 29.4 ഓവറില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും മധുശങ്ക (100805) പുറത്താക്കി. എട്ടിലുള്ളപ്പോള്‍ ഗില്ലിനെ പുറത്താക്കാന്‍ ബാക്വേഡ് പോയന്റില്‍ ഡൈവ് ചെയ്ത ചരിത അസലെങ്കക്ക് സാധിച്ചില്ല. അടുത്ത ഓവറില്‍ പത്തിലുള്ള കോലിയെ റിട്ടേണ്‍ ക്യാച്ചെടുക്കുന്നതില്‍ ദുഷ്മന്ത ചമീര പരാജയപ്പെട്ടു. അതിന് കനത്ത വില നല്‍കേണ്ടി വന്നു. രണ്ടു പേരും പുറത്തായ ശേഷം ശ്രേയസ് കടിഞ്ഞാണേറ്റെടുത്തു. കെ.എല്‍ രാഹുലും (19 പന്തില്‍ 21) സൂര്യകുമാര്‍ യാദവും (9 പന്തില്‍ 12) എളുപ്പം പുറത്തായെങ്കിലും രവീന്ദ്ര ജദേജ (24 പന്തില്‍ 35) ശ്രേയസിന് ഉറച്ച പിന്തുണ നല്‍കി. ആറ് സിക്സറുകളുണ്ട് ശ്രേയസിന്റെ ഇന്നിംഗ്സില്‍. മധുശങ്ക ലോകകപ്പിലെ വിക്കറ്റ്കൊയ്ത്തില്‍ ഒന്നാമതെത്തി. 18 വിക്കറ്റായി പെയ്സ്ബൗളര്‍ക്ക്.