മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ്

Advertisement

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നടക്കാവ് പൊലീസ് നോട്ടീസ് നല്‍കി. ഈ മാസം പത്തൊന്‍പതിന് മുന്‍പായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സുരേഷ് ഗോപി മോശം ഉദ്ദേശ്യത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിന് പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറോട് മോശമായി പെരുമാറിയെന്നാണ് പരാതി. സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ പത്രപ്രവര്‍ത്തകയൂണിയനും വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.