കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പ്…. റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി…ഹര്‍ജി വിധി പറയാന്‍ മാറ്റി

Advertisement

കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി. അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചെന്ന് കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍ എണ്ണുക എന്നതാണെന്നും കോടതി പറഞ്ഞു. കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം.
അസാധുവോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ല. ആദ്യം കെഎസ്യുവിന് 896 വോട്ടും എസ്എഫ്ഐക്ക് 895 വോട്ടുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. റീ കൗണ്ടിങ് ആവശ്യത്തില്‍ വ്യക്തമായ കാരണമില്ലെന്നും കോടതി പറഞ്ഞു. ആശയക്കുഴപ്പമുണ്ടെന്ന് മാത്രമാണ് എസ്എഫ്ഐ പരാതിയില്‍ ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി വിധി പറയാന്‍ മാറ്റി.
യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തൃശൂര്‍ കേരള വര്‍മ കോളജില്‍ ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം. ശ്രീക്കുട്ടനായി അഡ്വ. മാത്യു കുഴല്‍ നാടന്‍ ഹാജരായി.