ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്

Advertisement

നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ദീപാവലി വെടിക്കെട്ട്. ഇന്ത്യക്കായി ക്രീസിലെത്തിയ അഞ്ച് ബാറ്റര്‍മാരും 50, 50 പ്ലസ് സ്‌കോറുകള്‍ ഉയര്‍ത്തി. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ച്വറികളും കുറിച്ചു.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 410 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. നെതര്‍ലന്‍ഡ്‌സിനു ജയിക്കാന്‍ 411 റണ്‍സ്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശ്രേയസ്- രാഹുല്‍ സഖ്യം 208 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
ശ്രേയസ് അയ്യര്‍ ഏകദിന കരിയറിലെ നാലാം സെഞ്ച്വറിയുമായി കളം വാണു. 84 പന്തിലാണ് ശ്രേയസ് 100 എത്തിയത്. താരം 10 ഫോറും അഞ്ച് സിക്സും സഹിതം 94 പന്തില്‍ 128 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ് 2 റണ്ണുമായി പുറത്താകാതെ നിന്നു.
രാഹുല്‍ 64 പന്തില്‍ 102 റണ്‍സെടുത്താണ് സെഞ്ച്വറി നേടിയത്. പിന്നാലെ താരം പുറത്തായി. തുടരെ രണ്ട് സിക്സുകള്‍ പറത്തി 89-ല്‍ നിന്നാണ് താരം സെഞ്ച്വറിയിലേക്ക് അതിവേഗം എത്തിയത്. 11 ഫോറും നാല് സിക്സും സഹിതമായിരുന്നു താരത്തിന്റെ ശതകം. നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വാന്‍ മീകരന്‍, വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Advertisement