മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി

Advertisement

ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പാര്‍ലമെന്റ് ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് മഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടില്‍ എംപിയെന്ന നിലയില്‍ ഉപഹാരവും യാത്രാസൗകര്യങ്ങളും കൈപ്പറ്റിയത് തെറ്റെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ പണം വാങ്ങിയെന്ന ആക്ഷേപം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുന്നയിച്ചിരുന്നു. അതേസമയം മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല.
അയോഗ്യയാക്കി പുറത്താക്കിയതോടെ മഹുവയ്ക്ക് ഇനി ഈ സഭയുടെ നടപടികളില്‍ പങ്കെടുക്കാനാവില്ല. എന്നാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമില്ല. നടപടിയെ നേരിടാന്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്യാം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപി, ആനന്ദ് ദെഹദ്രായി തുടങ്ങിയവരെ വിസ്തരിക്കാന്‍ അവസരം നല്‍കണമെന്ന മഹുവയുടെ ആവശ്യം സമിതി അംഗീകരിച്ചിരുന്നില്ല.

Advertisement