ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലുകൾ ഇന്ന് നടക്കും. ശാസ്താവ് മഹീഷി നിഗ്രഹം നടത്തിയതിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളൽ.
12 മണിയോടെ കൊച്ചമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ ആരംഭിക്കും. സാക്ഷാൽ അയ്യപ്പന്റെ അവതാരത്തിനായി മോഹിനീരൂപം പൂണ്ട വിഷ്ണു ചൈതന്യം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാനാണെന്ന വിശ്വാസത്തിലാണ് അമ്പലപ്പുഴക്കാർ ആദ്യം പേട്ടതുള്ളുന്നത്. സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് പേട്ടതുള്ളൽ.
ഉച്ചയ്‌ക്ക് 3 മണിയോടെ പിതൃസ്ഥാനീയരായ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളൽ കൊച്ചമ്പലത്തിൽ തുടക്കമാകും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30-ന് ആലങ്ങാട് സംഘത്തിന്റെ പേട്ട ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് സമാപിക്കും.