കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രോഹിത്-റിങ്കു സഖ്യത്തിന്റെ രക്ഷപ്പെടുത്തല്‍…. സഞ്ജു തിളങ്ങിയില്ല

Advertisement

കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സ്‌കോര്‍ ഇരുന്നൂറിലെത്തിച്ച് രോഹിത് ശര്‍മ്മ-റിങ്കു സിംഗ് കൂട്ടുകെട്ട്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20യില്‍ ഒരവസരത്തില്‍ 22-4 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ചാം വിക്കറ്റിലെ 190 റണ്‍സ് കൂട്ടുകെട്ടില്‍ പടുകൂറ്റന്‍ സ്‌കോര്‍ ഒരുക്കുകയായിരുന്നു രോഹിത്-റിങ്കു സഖ്യം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി രോഹിത് ശര്‍മ സെഞ്ചുറിയും റിങ്കു അര്‍ധ ശതകവും തികച്ചു. 20 ഓവറില്‍ ടീം 4 വിക്കറ്റിന് 212 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ഉയര്‍ത്തി. രോഹിത് 69 പന്തില്‍ 121* ഉം, റിങ്കു 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യന്‍ ഇന്നിംഗിലെ തുടക്കത്തില്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ യശസ്വി ജയ്‌സ്വാള്‍ 4 റണ്‍സിനും നാലാം ബോളില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായും മടങ്ങി. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ പന്ത് പ്രതിരോധിച്ച് ഹാട്രിക് ഭീഷണി ഒഴിവാക്കി. എന്നാല്‍ ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തില്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ബാറ്റ് വെച്ച ദുബെ (6 പന്തില്‍ 1) വിക്കറ്റിന് പിന്നില്‍ ക്യാച്ചില്‍ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ആദ്യ പന്തില്‍ തന്നെ പൂജ്യനായി മടങ്ങി.

Advertisement