നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയക്കൊടി. ഗാബ ടെസ്റ്റിലാണ് വെസ്റ്റ് ഇന്‍ഡീസിന് ആതിഥേയരായ ഓസ്‌ട്രേലിയയെ എട്ട് റണ്‍സിന് അട്ടിമറിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ആതിഥേയര്‍ 207ന് പുറത്തായി. ഓസ്‌ട്രേലിയയില്‍ വെസ്റ്റ് ഇന്‍ഡീസ് നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ ഷമാര്‍ ജോസഫിന്റെ ഏഴ് വിക്കറ്റ് നേട്ടമാണ് കംഗാരുക്കളെ തകര്‍ത്തത്. ഓപ്പണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് 91 റണ്‍സെടുത്ത് അവസാനം വരെ പ്രതിരോധിച്ചെങ്കിലും പിന്തുണ നല്‍കാന്‍ മറ്റുള്ളവര്‍ക്കായില്ല. ജയത്തോടെ വിന്‍ഡീസ് രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനില പിടിച്ചു.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കവം ഹോഡ്ജ്, ജോഷ്വ ഡാ സില്‍വ, കെവിന്‍ സിന്‍ക്ലെയര്‍ എന്നിവര്‍ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 311 റണ്‍സെടുക്കുകയായിരുന്നു. ആതിഥേയര്‍ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ഹെസ്സല്‍വുഡും നഥാന്‍ ലിയോണും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, അലക്‌സ് കാരി, ക്യാപ്റ്റന്‍ പാറ്റ് കുമിന്‍സ് എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ 289 റണ്‍സെടുത്ത ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് കുമിന്‍സ് ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്നത്. വിന്‍ഡീസിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ അല്‍സാരി ജോസഫ് നാലും കെമാര്‍ റോച്ച് മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഷമാര്‍ ജോസഫും കെവിന്‍ സിന്‍ക്ലയറുമാണ് മറ്റ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
പ്രതീക്ഷിച്ചത് പോലെ രണ്ടാം ഇന്നിങ്‌സില്‍ 22 റണ്‍സിന്റെ ലീഡുമായി ഇറങ്ങിയ സന്ദര്‍ശകരെ ഓസീസ് ബോളര്‍മാര്‍ 193 റണ്‍സിന് പുറത്താക്കി. രണ്ടാം ഇന്നിങ്‌സില്‍ 193 റണ്‍സെടുത്ത വിന്‍ഡീസ് ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ 216 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. ഓസീസിന് വേണ്ടി ഹെസ്സല്‍വുഡും ലിയോണും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്റ്റാര്‍ക്കും കാമറൂണ്‍ ഗ്രീനുമാണ് ബാക്കി വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
എന്നാല്‍ ചെറിയ വിജയലക്ഷ്യമെന്ന അമിത ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് കണക്കുകൂട്ടലുകള്‍ തെറ്റി. കംഗാരുക്കള്‍ വില കുറച്ച് കണ്ട വിന്‍ഡീസിന്റെ ബോളിങ് ആക്രമണമായിരുന്നു ഇന്ന് നാലാം ദിനം ഗാബ സാക്ഷ്യം വഹിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ യുവതാരം ഷമാര്‍ നേടിയ ഏഴ് വിക്കറ്റാണ് ഓസീസിന്റെ ഓവര്‍ കോണ്‍ഫിഡന്‍സിനെ തകര്‍ത്തത്. അല്‍സാരി ജോസഫ് രണ്ടും ജസ്റ്റിന്‍ ഗ്രീവ്‌സ് ഒന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Home News Breaking News 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ അട്ടിമറി ജയവുമായി വിന്‍ഡീസ്… അമിത ആത്മവിശ്വാസം ഓസീസിന് വിനയായി