ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ തോല്‍വി. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ബാറ്റിങ്ങില്‍ കാലിടറി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്‍ട്ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
രണ്ടാം ഇന്നിങ്സില്‍ 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് 15 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ അതേ ഓവറില്‍ തന്നെ രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ശുഭ്മാന്‍ ഗില്ലും (0) മടങ്ങി. 39 റണ്‍സെടുത്ത രോഹിത് ശര്‍മയെ ഹാര്‍ട്ലി പുറത്താക്കി.
കെ.എല്‍. രാഹുലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ 95 വരെയെത്തിച്ചു. പിന്നാലെ 17 റണ്‍സെടുത്ത അക്ഷറിനെയും ഹാര്‍ട്‌ലി പുറത്താക്കി. 22 റണ്‍സെടുത്ത രാഹുലിനെ ജോ റൂട്ട് മടക്കി. രണ്ട് റണ്‍സെടുത്ത രവീന്ദ്ര ജഡേജ റണ്ണൗട്ടായതോടെ ഇന്ത്യയെ ആറിന് 119 എന്ന നിലയിലായി.
പിന്നാലെ 13 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താതതോടെ ഇന്ത്യ പരാജയ ഭീതിയിലായിരുന്നു. ശ്രീകാര്‍ ഭരത്(28),അശ്വിന്‍(28), സിറാജ്(12) എന്നിവരെയും മടക്കി ടോം ഹാര്‍ട്ലി ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടു. ഇന്ത്യയുടെ ഇന്നിങ്സ് 202 റണ്‍സില്‍ അവസാനിച്ചു. ആറ് റണ്‍സെടുത്ത ബുമ്ര പുറത്താകാതെ നിന്നു.