അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. കഴിഞ്ഞവർഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ ലോക ചാമ്പ്യന്മാരായതിൽ ‘കുട്ടി’ താരങ്ങൾ പകരംവീട്ടുമോ? എന്ന ആകാംഷയിലാണ് ആരാധകർ. ദക്ഷിണാഫ്രിക്കയിലെ ബെനോനി വില്ലോമുർ പാർക്കിൽ പകൽ ഒന്നരയ്ക്കാണ് ഫൈനൽ.
ടൂർണമെന്റിൽ ഒരു കളിയും തോൽക്കാതെ എത്തുന്ന ഇന്ത്യ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ക്യാപ്‌റ്റൻ ഉദയ് സഹരനാണ് റൺ വേട്ടക്കാരിൽ ഒന്നാമൻ. ഉദയ് ആറുകളിയിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടിയ അടക്കം 389 റൺ സ്വന്തമാക്കിയിട്ടുണ്ട്. മുഷീർഖാനും (338) സച്ചിൻദാസും (294) ബാറ്റിങ്ങിലെ നെടുംതൂണുകളാണ്. വിക്കറ്റ് നേട്ടത്തിൽ മൂന്നാമതുള്ള സ്‌പിന്നർ സൗമി പാണ്ഡേയാണ് ബൗളിങ്ങിൽ പ്രതീക്ഷ.
അതേസമയം ഓസ്‌ട്രേലിയയുടെ ലക്ഷ്യം നാലാംകിരീടമാണ്. സെമിയിൽ പാകിസ്ഥാനോട് ഒരു വിക്കറ്റിന് പൊരുതിക്കയറുകയായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. പേസർ ടോം സ്‌ട്രാക്കറാണ് പ്രധാന ആയുധം.